1

ചാലക്കുടി: കാലവർഷം കനക്കുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തതോടെ ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ഒറ്റദിവസം കൊണ്ട് ചാലക്കുടിപ്പുഴയിലെ ജലവിതാനം മൂന്നര മീറ്റർ ഉയർന്നു. പൊരിങ്ങൽകുത്ത് ഡാമിൽ നിന്നും തിങ്കളാഴ്ച രാത്രി കൂടുതൽ വെള്ളം വിട്ടതാണ് കാലവർഷത്തിൽ ഇതാദ്യമായി പുഴയിൽ ഇത്രയേറെ വെള്ളം ഉയരാനിടയാക്കിയത്. 5 ഷട്ടറുകളിലൂടെ 10 അടി വീതം വെള്ളമാണ് പുറത്തുവിട്ടത്. എന്നാൽ ഇന്നലെ ഉച്ചയോടെ അളവ് കുറച്ചിട്ടുണ്ട്.

ചാലക്കുടി നഗരസഭാ പരിധിയിലും വിവിധ പഞ്ചായത്തുകളിലുമായി നിരവധി മരങ്ങൾ കാറ്റിൽ നിലംപൊത്തി. വെള്ളപ്പൊക്കഭീഷണി മൂലം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ റവന്യൂ വകുപ്പും തദ്ദേശസ്ഥാപനങ്ങളും നടപടികൾ തുടങ്ങി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന കാഞ്ഞിരപ്പിള്ളി ഐ.എച്ച്.ഡി.പി സങ്കേതത്തിൽ നിന്ന് ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വായ ക്യാമ്പിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പുഴയിലെ ജലത്തിന്റെ അളവ് ആറര മീറ്ററായി. എന്നാൽ മഴയ്ക്ക് ശമനമുണ്ടായതോടെ പിന്നീട് ജലനിരപ്പ് അല്പം താഴ്ന്നിരുന്നു.

കൂടപ്പുഴ കുട്ടാടം പാടശേഖരത്തിലേക്ക് ചെറിയതോതിൽ വെള്ളമെത്തി. ഇവിടെ നിന്നും വീട്ടുകാരെ മാറ്റുന്നതിന് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ചാലക്കുടി റെയിൽവേ അടിപ്പാതയിൽ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടു. അടിപ്പാതയിലൂടെ കടന്നു പോകാൻ ശ്രമിച്ച മിനിലോറി കുടുങ്ങി. സൗത്ത് ജംഗ്ഷനിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ഭിത്തി തകർന്നു വീണു. ഈ സമയം താഴെ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

മലക്കപ്പാറയിൽ രാവിലെ മരം വീണ് ഒരു മണിക്കൂറോളം വാഹന തടസപ്പെട്ടിരുന്നു. പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി, ഉറുമ്പൻകുന്ന്, പോട്ട പനമ്പിള്ളി കോളേജ് പരിസരം, നഗരസഭാ പാർക്ക് എന്നിവിടങ്ങളിൽ മരങ്ങൾ വീണു. മിക്കയിടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വൈദ്യുതിബന്ധം തകരാറിലായി. തുടർച്ചയായി വൈദ്യുതി തടസപ്പെടുന്നതിനാൽ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസും നിശ്ചലമാണ്. വി.ആർ. പുരം കമ്മ്യൂണിറ്റി ഹാൾ, കൂടപ്പുഴ തിരുമാന്ധാംകുന്ന് ഹാൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉടൻ തുറക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.