തളിക്കുളം ബീച്ചിൽ കനത്ത മഴയിലും കാറ്റിലും വലിയകത്ത് അലിമുഹമ്മദിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണപ്പോൾ.
തൃപ്രയാർ: കനത്ത മഴയിലും കാറ്റിലും പരക്കെ നാശം. പലയിടത്തും മരം വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തളിക്കുളം ബീച്ചിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. നമ്പിക്കടവ് വലിയകത്ത് അലി മുഹമ്മദിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിൽ തെങ്ങിന്റെ കട ഭാഗം ഒടിഞ്ഞ് വീഴുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന അലിമുഹമ്മദിന്റെ ഭാര്യ നഫീസ, മകൻ ഷക്കീർ, മരുമകൾ റജുല എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂളിനു പിറകിൽ കടുകപീടികയിൽ ഉമ്മറിന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. വീടിന് കേടുപാടുകൾ സംഭവിച്ചു. മതിൽ തകർന്നിട്ടുണ്ട്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം മരം മറിഞ്ഞു വീണു.