ഒല്ലൂർ: ശക്തമായ മഴയ്ക്കിടെ ചീരാച്ചിയിൽ റോഡിലേക്ക് മരം കടപുഴകി വീണു. റോഡിന് സമീപം നിന്നിരുന്ന മാവാണ് കുറുകെ കടപുഴകി വീണത്. ഏറെ തിരക്കുള്ള റോഡിൽ മരം വീഴുന്ന സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. റോഡ് സൈഡിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണെങ്കിലും മരക്കൊമ്പ് റോഡിൽ കുത്തിനിന്നതിനാൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. തൃശൂരിൽ നിന്നെത്തിയ ഒരു യൂണിറ്റ് അഗ്‌നിരക്ഷാസേനയുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒല്ലൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. മരം വീണ് മേഖലയിലെ വൈദ്യുതി ലൈനുകളും, കേബിൾ ടി.വി വയറുകളും തകരാറിലായി. ഒരു മണിക്കൂറോളം ഗതാഗത തടസം അനുഭവപ്പെട്ടു.