building
കെട്ടിടത്തിന്റെ പാരപറ്റ് വാര്‍ക്ക പൊളിഞ്ഞും ആല്‍മരത്തൈകള്‍ വളര്‍ന്നും നില്‍ക്കുന്നു

ചാലക്കുടി: മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം നിലംപതിക്കാറായ നിലയിൽ. കെട്ടിടത്തിന് അകത്തും പുറത്തുമായി കോൺഗ്രീറ്റ് ഭാഗങ്ങൾ ഇടിഞ്ഞു വീഴുകയാണ്. കഴിഞ്ഞദിവസം ഒന്നാം നിലയിൽ നിന്നും പാരപ്പറ്റ് ഇടിഞ്ഞ് താഴേയ്ക്ക് പതിച്ചിരുന്നു. ഇഷ്ടികകളും കച്ചവടക്കാർ പ്രത്യേകമായി ഇട്ട ഷീറ്റുകളുമാണ് നിലം പതിച്ചത്. അപകട സ്ഥലത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പാരപ്പറ്റിൽനിന്ന് അരമതിലിൽ ഇരുമ്പ് തൂണകൾ ഘടിപ്പിച്ചാണ് ഇവിടെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. ചോർച്ച തടയുന്നതിന് പാരപ്പറ്റിന്റെ അരഭിത്തിയിൽ ഇരിമ്പ് പൈപ്പ് ഘടിപ്പിച്ച് നഗരസഭ ഏതാനും വർഷം മുമ്പ് ഷീറ്റിട്ട് മേൽക്കൂര നിർമ്മിക്കുകയായിരുന്നു. പാരപ്പറ്റിൽ ആൽമരത്തൈകൾ വളരുന്നതും കെട്ടിടത്തിന് ഭീഷണിയാകുന്നുണ്ട്. നിരവധി തൈകളാണ് കെട്ടിടത്തിന്റെ ചുറ്റിലും വളരുന്നത്. മിക്കവയും വർഷങ്ങളുടെ വളർച്ചയുള്ളവയും. യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഭാഗത്തും മുകളിലെ വാർക്കയുടെ ചെറിയ ഭാഗം ഇടിഞ്ഞു വീഴുന്നതും പതിവാണ്. ഇടിഞ്ഞു വീണ പാരപ്പറ്റ് ഉടൻ പുനർ നിർമ്മിക്കണമെന്നും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.