തൃശൂർ: രണ്ട് ദിവസമായി തിമിർത്തു പെയ്യുന്ന മഴയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. ശക്തമായ മഴയെത്തുടർന്ന് താണിക്കുടം പുഴ നിറഞ്ഞൊഴുകി ക്ഷേത്രത്തിൽ ആറാട്ടും നടന്നു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഒല്ലൂരിൽ ക്രിസ്റ്റഫർ നഗറിന് സമീപം നിറുത്തിയിട്ടിരുന്ന കാറിന് മുകളിൽ മരം വീണു. ആളപായമില്ല. ഫയർ ഫോഴ്‌സെത്തി മരം വെട്ടിമാറ്റി.
തളിക്കുളം നമ്പിക്കടവ് വലിയകത്ത് ആലിമുഹമ്മദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ചാലക്കുടി പുഴയിൽ ജലവിതാനം ഉയർന്നതിനാൽ ചാലക്കുടി റെയിൽവേ അടിപ്പാതയിൽ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടു.
ആദൂരിൽ വീടിനു മുകളിൽ മരം വീണു. ആലേങ്ങാട് ശക്തമായ മഴയിൽ വീട്ടുകിണറിന്റെ വശമിടിഞ്ഞു. മഴ കനത്തതോടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ഇന്നലെ രാവിലെ കനത്ത മഴയിലും കാറ്റിലും പൂങ്കുന്നം - ഗുരുവായൂർ റോഡിലേക്ക് വീണ മരം ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ മുറിച്ചു മാറ്റി ഗതാഗത തടസം നീക്കി. കനത്ത മഴയെത്തുടർന്ന് ചീരക്കുഴി വിയറിന്റെ എല്ലാ ഷട്ടറുകളും മുഴുവനായും തുറന്നതിനാൽ ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജാഗ്രത പാലിക്കണം
മഴ ശക്തമാകുന്നതിനാൽ ജലാശയങ്ങളിൽ ഇറങ്ങരുത്. മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ട്. രാത്രിയാത്ര പരമാവധി ഒഴിവാക്കണം. കടൽത്തീരങ്ങളിൽ വിനോദസഞ്ചാരം ഒഴിവാക്കണം. നിർമ്മാണം നടക്കുന്ന റോഡുകളിലെല്ലാം സൂചനാ ബോർഡുകൾ ഉണ്ടോയെന്നും ഇക്കാര്യത്തിൽ ശ്രദ്ധവേണമെന്നും മന്ത്രി കെ. രാജൻ നിർദേശിച്ചിട്ടുണ്ട്. കാറ്റ് ആഞ്ഞുവീശാൻ സാദ്ധ്യതയുള്ളതിനാൽ പൊതുസ്ഥലങ്ങളിൽ അപകടകരമായ മരച്ചില്ലകൾ ഉണ്ടെങ്കിൽ വെട്ടിമാറ്റണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.
അസുരൻ കുണ്ട് ഡാം തുറന്നു
മുള്ളൂർക്കര ആറ്റൂർ അസുരൻ കുണ്ട് ഡാം തുറന്നു. ഡാമിന്റെ മൂന്നു ഷട്ടറുകൾ രണ്ട് സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്.
തിങ്കൾ രാവിലെ എട്ട് മുതൽ ചൊവ്വ രാവിലെ എട്ട് വരെ മഴ