ചെറുതുരുത്തി: ശ്മശാന റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് പൊതുശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ ചുമന്ന് കയറ്റി. ഭാരത പുഴയിൽ വെള്ളം പൊങ്ങിയതിനെ തുടർന്നാണ് പൊതുശ്മശാന റോഡിൽ വെള്ളം കയറിയത്. കനത്ത മഴയെ തുടർന്ന് വിവിധ ഡാമുകൾ തുറന്നതോടെ ഭാരതപ്പുഴ നിറയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ ചെറിയ വാഹനങ്ങൾ റോഡിലൂടെ വരാത്തത് മൂലം ചെറിയ ആംബുലൻസുകളിൽ എത്തുന്ന മൃതദേഹങ്ങൾ വലിയ വാഹനങ്ങളിലേക്ക് മാറ്റുകയോ ചുമന്ന് കയറ്റുകയോ ചെയ്യേണ്ട അവസ്ഥയിലായിരുന്നു. മൃതദേഹങ്ങളുടെ ഒപ്പം വരുന്ന ബന്ധുക്കൾ മുട്ടോളം വെള്ളത്തിലൂടെയാണ് ശ്മശാനത്തിലെത്തിയത്. റെയിൽവേ പാലത്തിന്റെ പണിക്കായി റെയിൽവേ ഗട്ടറുകൾ കൊണ്ടുവരുന്ന വാഹനങ്ങൾ പോകുന്നതിന് റോഡിന്റെ ഉയരം ജെ.സി.ബി ഉപയോഗിച്ച് കുറച്ചിരുന്നു. ഇതിനാലാണ് ഇപ്പോൾ റോഡിൽ വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നൂറുകണക്കിന് ആളുകൾ താമസിക്കുന്ന നമ്പറം പ്രദേശം വെള്ളം കയറി ഒറ്റപ്പെട്ടതോടെ ഓട്ടോ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ വിളിച്ചാൽ വരാത്ത അവസ്ഥയിലാണ്. റെയിൽവേ അധികാരികളോ മുൻസിപ്പാലിറ്റി ജീവനക്കാരോ ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.