ചാലക്കുടി: മഴക്കെടുതിയിൽ വ്യാപകമായ നാശനഷ്ടത്തിൽ ചാലക്കുടി നഗരവും പ്രാന്തപ്രദേശങ്ങളും. നിരവധി മരങ്ങളാണ് കടപുഴകിയത്. കലാഭവൻ മണി പാർക്ക്, ഉറുമ്പൻകുന്ന്, പോട്ട പനമ്പിള്ളി കോളേജ് പരിസരം,വെട്ടുകടവ് കപ്പേള എന്നിവടങ്ങളിൽ മരങ്ങൾ വീണു. കൂടപ്പുഴവെട്ടുകടവിൽ മംഗലൻ ഷേർളിയുടെ വീടിന് മുകളിൽ കവുങ്ങ് വീണു. കൂടപ്പുഴ ചിറക്കൽ രാജപ്പൻ നായരുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. എലിഞ്ഞിപ്ര ചുള്ളിയാടൻ ഗോപിയുടെ വീടിന് മുകളിലും മരം വീണു. കോട്ടാറ്റ് പതിയാപറമ്പിൽ ബാബു, അരൂർമുഴി കരിമാത്ര ഉഷ എന്നിവരുടെ വീടുകളും മരം വീട് ഭാഗികമായി തകർന്നു. ആളൂർ വെള്ളാഞ്ചിറ റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു. കൊമ്പിടി വെള്ളാഞ്ചിറ റോഡിലും വാഹനങ്ങൾക്ക് ഓടാനായില്ല. അണ്ണല്ലൂർ പാടശേഖരത്തിലും വെള്ളം കയറി. തൊട്ടടുത്ത കൃപ ഓർഗാനിക് കമ്പനിയിലും വെള്ളമെത്തി. കോട്ടാറ്റ് പാടശേഖരത്തിൽ കൃഷിയിടങ്ങൾ മുങ്ങി. കപ്പത്തോട്ടിൽ നിന്നും കയറിയ വെള്ളം കുറ്റിക്കാട് ചങ്കൻകുറ്റിയിലെ കൃഷിയിടങ്ങളെ ബാധിച്ചു.
വരന്തരപ്പിള്ളി: കുറുമാലി പുഴ കരകവിഞ്ഞതിനെ തുടർന്ന് കരയാംപാടത്തെ നൂറ് ഏക്കറോളം നെൽക്കൃഷി വെള്ളത്തിനടിയിലായി. കുറുമാലിപുഴയിൽ തോട്ടുമുഖത്ത് നിർമ്മിച്ച തടയണ പൂർണമായും തകരാത്തതാണ് പുഴയിൽ വെള്ളം ഉയരാൻ ഇടയാക്കിയെതെന്ന് കർഷകർ ആരോപിച്ചു. തടയണയുടെ മദ്ധ്യഭാഗം ജൂൺ ആദ്യവാരം പെയ്ത മഴയിൽ തകർന്നിരുന്നു. എന്നാൽ തടയണയുടെ ഇരുവശങ്ങളിലും മൺതടയണ തകരാതിരുന്നതു മൂലമാണ് പുഴയിലെ ജലനിരപ്പ് ഉയരാനും പാടശേഖരത്തിലേക്ക് വെള്ളം കയറാനും ഇടയാക്കിയത്. തോട്ടുമുഖത്തെ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് മുടങ്ങി. പമ്പ് ഹൗസിലേക്കുള്ള വഴിയിൽ വെള്ളം കയറിയതിനാൽ ഓപ്പറേറ്റർമാർക്ക് പമ്പ് ഹൗസിൽ എത്താൻ പറ്റാത്തതാണ് പമ്പിംഗ് മുടങ്ങാൻ ഇടയാക്കിയത്.