തൃശൂർ: ശ്രീരാമകഥകൾക്ക് ലാസ്യഭാവമൊരുക്കി തൃപ്രയാർ നടന സാത്വിക നൃത്തസംഘം. ഭരതനാട്യരൂപത്തിലാണ് നൃത്താദ്ധ്യാപിക ഉഷയുടെ നേതൃത്വത്തിൽ രാമകഥകൾ അരങ്ങുകളിലെത്തുന്നത്. തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസുകളോടെ സേതുബന്ധനത്തെ ആസ്പദമാക്കിയുള്ള നൃത്താവിഷ്‌കാരം താമസിയാതെ തൃപ്രയാർ ക്ഷേത്രത്തിൽ അവതരിപ്പിക്കും.
തൃപ്രയാർ ഏകാദശിക്ക് ദശമി നാളിൽ രണ്ടു മണിക്കൂർ നീളുന്ന നൃത്താവതരണമുണ്ടാകും. ആഗസ്റ്റ് 11ന് മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ അവതരിപ്പിക്കും. തിരൂർ തുഞ്ചൻപറമ്പിലും അവതരണാനുമതിയായി. പന്ത്രണ്ട് പേരാണ് അരങ്ങിലെത്തുക. ക്‌ളാസിക്കൽ നൃത്താവതരണത്തിൽ നിന്ന് വ്യത്യസ്തമായാണ് കഥാപാത്രങ്ങളും സംഭാഷണങ്ങളും കഥയുമുൾപ്പെടുത്തിയുള്ള 2 മണിക്കൂർ നൃത്താവിഷ്‌കാരം.
ഗുരുകുല മാതൃകയിൽ കുട്ടികളെ വീട്ടിൽ താമസിപ്പിച്ചാണ് പഠിപ്പിച്ചത്. ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ പ്രാധാന്യമറിഞ്ഞ്, ഏകാദശിക്ക് കുട്ടികളെ ഉൾപ്പെടുത്തി നൃത്തപരിപാടി ചെയ്തു. നിലവിൽ എല്ലാ വർഷവും ദശമി വിളക്കിന് തൃപ്രയാർ ക്ഷേത്രത്തിൽ പരിപാടികൾ അവതരിപ്പിക്കുന്നു. 2012ൽ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന ശ്രീചക്ര പൂജയോട് അനുബന്ധിച്ച് ആദ്യമായി ശ്രീരാമസഹസ്രനാമം മോഹിനിയാട്ട രൂപത്തിൽ 17 കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു. ബിജിപാലായിരുന്നു സംഗീത സംവിധായകൻ. തുടർന്ന് നൃത്ത വിഡിയോകളിറക്കി. കൊവിഡ് കാലത്ത് 30 ദിവസം 5, 6 മിനിറ്റ് ദൈർഘ്യമുള്ള നൃത്ത വിഡിയോകളിൽ രാമന്റെ ജനനം മുതൽ പട്ടാഭിഷേകം വരെ അവതരിപ്പിച്ചു.
സംഘാംഗങ്ങൾ
ഒലീവിയ, ജ്യോതിക, ദേവിക, ദക്ഷിണ, ഗായത്രി, കൃഷ്ണവേണി, നിവേദ്യ, ശ്രീപ്രിയ, ഋതുപർണ, സീതാലക്ഷ്മി, കീർത്തന, കാവ്യ
2019ൽ 150 കുട്ടികളെ വച്ച് സുന്ദരകാണ്ഡത്തിന്റെ പ്രമോ വിലങ്ങൻക്കുന്നിൽ ചെയ്തിരുന്നു. അത് പൂർത്തിയാക്കി താമസിയാതെ അരങ്ങിലെത്തിക്കും.
- ഉഷ നടനസാത്വിക.