corporation

തൃശൂർ : ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച്ച ചേരുന്ന കൗൺസിൽ യോഗം പ്രക്ഷുബ്ധമായേക്കും. കടന്നാക്രമണത്തിന് പ്രതിപക്ഷത്തിന് പുറമേ ഭരണപക്ഷത്തെ പ്രമുഖർ കൂടി രംഗത്തു വരുമെന്ന ആശങ്കയിലാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എം. മേയർ പദവിയെ ചൊല്ലിയുള്ള മുന്നണിയിലെ അലോസരമാണ് സി.പി.എമ്മിനെ അസ്വസ്ഥരാക്കുന്നത്.

അടുത്തകാലത്തൊന്നും ഇത്ര നീണ്ട കാലയളവിലേക്ക് കൗൺസിൽ യോഗം കൂടാതിരുന്നിട്ടില്ല. കൊവിഡ് കാലത്ത് പോലും ഓൺലൈൻ യോഗം ചേർന്നിരുന്നു. എൽ.ഡി.എഫിലെ പ്രമുഖകക്ഷിയായ സി.പി.ഐക്ക് പുറമേ ജനതാദൾ (എസ്), കേരള കോൺഗ്രസ് മാണി വിഭാഗം എന്നിവരൊക്കെ മേയറുടെ നിലപാടുകൾക്കെതിരെ ശക്തമായ എതിർപ്പിലാണ്. മേയറെ മാറ്റുന്ന കാര്യത്തിൽ തീരുമാനമാകാതെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് സി.പി.ഐ. മേയറുടേത് എകാധിപത്യ നിലപാടാണെന്നാണ് ജനതാദൾ എസിന്റെ ആക്ഷേപം. അതിൽ അവരും പ്രതിഷേധത്തിലാണ്. കോർപ്പറേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണച്ചടങ്ങിൽ വിട്ടുനിന്ന് ഈ ഘടകകക്ഷികൾ അതൃപ്തി പ്രകടമാക്കുകയും ചെയ്തു.

അനുനയിപ്പിക്കാനും നീക്കം

അതേസമയം മേയർ വിഷയത്തിൽ സി.പി.ഐ അടക്കമുള്ള കക്ഷികൾ ഉയർത്തിയ എതിർപ്പ് മറി കടക്കുന്നതിന്റെ ഭാഗമായി ഉഭയകക്ഷി ചർച്ച സജീവമാണെങ്കിലും പരിഹാരം കാണാനായിട്ടില്ല. ഏതാനും ദിവസം മുൻപ് സി.പി.എം - സി.പി.ഐ ജില്ലാ സെക്രട്ടറിമാർ തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നെങ്കിലും ഒത്തുതീർപ്പായില്ല. മേയറെ ഇപ്പോൾ മാറ്റിയാൽ ഭരണം തെറിക്കുമെന്നറിയാവുന്നതിനാൽ സി.പി.ഐയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മുന്നോട്ട് പോകുകയെന്ന തന്ത്രമാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. സി.പി.ഐക്ക് ഡെപ്യൂട്ടി മേയർ പദവിയും ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി പദവിയും നൽകുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

ആവനാഴി നിറച്ച് പ്രതിപക്ഷം

നീണ്ട ഇടവേളയ്ക്ക് ശേഷം ചേരുന്ന കൗൺസിലിൽ പ്രതിപക്ഷത്തിന് വിഷയങ്ങളേറെ. മേയറുടെയും സംഘത്തിന്റെയും റഷ്യൻ യാത്ര ഉൾപ്പെടെ വിഷയമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസും ബി.ജെ.പിയും. കൗൺസിലിൽ മേയറുടെ റഷ്യൻ യാത്രാ വിവരങ്ങൾ അജണ്ടയായി ഉൾപ്പെടുത്താത്തത് ദുരൂഹമാണെന്ന് കൗൺസിലർ ജോൺ ഡാനിയേൽ ആരോപിച്ചു. കൗൺസിലിന്റെ അനുമതി ഇല്ലാതെയും അറിയിക്കാതെയും പോയ വിദേശയാത്രയുടെ വിവരം മേയർ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഔദ്യോഗികമാണോ സ്വകാര്യമാണോ യാത്രയെന്നതിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. അതോടൊപ്പം രൂക്ഷമായ വെള്ളക്കെട്ട് അടക്കമുള്ളവ യോഗത്തെ കലക്കി മറിച്ചേക്കും.