തൃശൂർ: പ്രശസ്ത കവിയും അദ്ധ്യാപകനുമായ പ്രൊഫ.കെ.കെ.ഹിരണ്യന് (70) അന്ത്യാഞ്ജലി. ഇന്നലെ പുലർച്ചെ മൂന്നോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും വർഷമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. രാവിലെ സാഹിത്യ അക്കാഡമിയിലും തുടർന്ന് പാറളം കടവത്ത് മനയിലും പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം അവിടുത്തെ തറവാട്ടുവളപ്പിൽ സംസ്‌കരിച്ചു.
പാറളത്ത് പാർപ്പക്കടവ് റോഡിൽ കടവത്ത് ഉള്ളന്നൂർ മന പരേതനായ കുഞ്ഞുണ്ണി നമ്പൂതിരിയുടെ മകനായ ഹിരണ്യൻ,കോളേജ് വിദ്യാർത്ഥിയായിരിക്കെ കവിതകൾ എഴുതി സാഹിത്യരംഗത്ത് ശ്രദ്ധാകേന്ദ്രമായി. ആനുകാലികങ്ങളിൽ നിരവധി കവിതകളും സാഹിത്യവിമർശനങ്ങളും സാഹിത്യചരിത്രവും ലേഖനങ്ങളും പഠനങ്ങളും എഴുതി. മികച്ച പ്രഭാഷകനുമായിരുന്നു.
കൃതികൾ സമാഹരിച്ച് പുസ്തകമാക്കിയിരുന്നില്ല. തൃശൂർ കുട്ടനെല്ലൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ പദവിയിലിരിക്കെയാണ് വിരമിച്ചത്. മകളുടെ വീട്ടിലായിരുന്നു താമസം.
അമ്മാടം സെന്റ് ആന്റണീസ് സ്‌കൂളിലും,തൃശൂർ കേരളവർമ്മ കോളേജിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലുമായിരുന്നു വിദ്യാഭ്യാസം. പട്ടാമ്പി സംസ്‌കൃത കോളേജിലും കൊടുങ്ങല്ലൂർ കെ.കെ.ടിഎം കോളേജിലും അദ്ധ്യാപകനായിരുന്നു.
ഭാര്യ കവയിത്രിയും കഥാകാരിയുമായ ഗീതാ ഹിരണ്യൻ 22 വർഷം മുൻപാണ് മരിച്ചത്. മക്കൾ:അനന്തകൃഷ്ണൻ (എൻജിനിയർ),ഡോ.ഉമ. മരുമകൻ:കെ.കെ.കൃഷ്ണകുമാർ(മർച്ചന്റ് നേവി). സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ.സച്ചിദാനന്ദൻ,സെക്രട്ടറി സി.പി.അബൂബക്കർ,ഉപാദ്ധ്യക്ഷൻ അശോകൻ ചരുവിൽ,കവികളായ അൻവർ അലി,പ്രൊഫ.വി.ജി.തമ്പി,രാവുണ്ണി,കഥാകൃത്ത് അഷ്ടമൂർത്തി,മുൻ എം.പി. സി.എൻ.ജയദേവൻ,മുൻ മന്ത്രി വി.എസ്.സുനിൽകുമാർ,പി.ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു.