തൃശൂർ: മരണമെന്ന നിത്യസത്യത്തിന്റെ ഒറ്റസ്‌നാപ്പിൽ ഗീതയ്ക്ക് ഒപ്പം ഇനി ഹിരണ്യനും. എഴുത്തിന്റെയും അദ്ധ്യാപനത്തിന്റെയും ലോകത്ത് അവരെന്നും ഒന്നായിരുന്നു. രണ്ട് പതിറ്റാണ്ട് മുൻപ് ഗീതാഹിരണ്യൻ യാത്രയായ ശേഷവും ആ ഓർമ്മകളിലായിരുന്നു ഹിരണ്യൻ.
കേരളവർമ്മ കോളേജിലെ മൂന്നാം വർഷ ബിരുദത്തിന് പഠിക്കുമ്പോഴാണ് ഹിരണ്യന്റെ കവിതയെ അഭിനന്ദിച്ച് ഗീതയുടെ കത്ത് വരുന്നത്. ആനുകാലിക പ്രസിദ്ധീകരണത്തിൽ ഹിരണ്യന്റെ കവിതയ്‌ക്കൊപ്പം ഗീതയുടെ കഥയുമുണ്ടായിരുന്നു. കേരളവർമ്മയിലെ മാഗസിൻ എഡിറ്ററായിരുന്ന ഹിരണ്യൻ, പിന്നീട് തന്റെ കവിതയുള്ള കൈയ്യെഴുത്തു മാസിക ഗീതയ്ക്ക് അയച്ചുകൊടുത്തതോടെ എഴുത്തിന്റെ ലോകത്ത് അവർ ഉറ്റ ചങ്ങാതിമാരായി.
കഥയും കവിതയും നിറഞ്ഞ കത്തുകളിലൂടെ അവർ ജീവിതത്തിൽ ഒന്നിച്ചു. രണ്ടുപേരും കോളേജ് അദ്ധ്യാപകരായി. 'ഒറ്റ സ്‌നാപ്പിൽ ഒതുക്കാനാവില്ല ഒരു ജൻമസത്യം' എന്ന കൃതിയിലൂടെയായിരുന്നു ഗീതാഹിരണ്യൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഗീതാഹിരണ്യന്റെയും സുഹൃത്തുക്കളായ എഴുത്തുകാരുടെയും കൃതികൾ സമാഹരിച്ച് പുസ്തകം പ്രസിദ്ധീകരിക്കാൻ ഹിരണ്യൻ ഉത്സാഹിച്ചപ്പോഴൊക്കെ തന്റെ കവിതകൾ ആനുകാലികങ്ങളിൽ മാത്രം ഒതുക്കിനിറുത്തി. സമകാലികരുടെയും മുൻ തലമുറയിലെ എഴുത്തുകാരുടെയും രചനകളെ ആഴത്തിൽ ആസ്വദിക്കുകയും മറ്റ് എഴുത്തുകാരേക്കാൾ ഏറെ ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്തു ഹിരണ്യൻ.
ദാമ്പത്യജീവിതത്തിന്റെ ആദ്യകാലത്ത് ഗീതയ്ക്ക് കാൻസർ കണ്ടെത്തി. പിന്നീട് ഭേദമായതോടെ സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കരുത്തുറ്റ കഥകളിലൂടെ ഗീതയും ശ്രദ്ധേയമായ കവിതകളിലൂടെ ഹിരണ്യനും സാഹിത്യലോകത്ത് തിളങ്ങി. എഴുത്തിലും ജീവിതത്തിലുമായി ഇഴചേർന്ന ആ കൂട്ടുകെട്ട് അധികകാലം ഉണ്ടായില്ല. വീണ്ടും ഗീതയെ കാൻസർ പിടികൂടി. സംസാരിക്കാൻ പോലുമാവാതിരുന്ന ഗീതയെ ചേർത്തുപിടിച്ച് ഹിരണ്യൻ, ജീവിതത്തിലേക്ക് തിരികെവരാൻ ഏറെ പ്രയാസപ്പെട്ടു. 2002ൽ ഗീത വിടവാങ്ങി. വർഷങ്ങൾ കഴിഞ്ഞതോടെ എഴുത്തിന്റെ ലോകത്ത് നിന്ന് പതിയെ ഹിരണ്യനും മടങ്ങി. വീട്ടിൽ വീണതിനെ തുടർന്ന് കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾ മങ്ങി. ഒടുവിൽ, ഗീതയുടെ അടുത്തേയ്ക്ക് ഹിരണ്യനും മടങ്ങി...