ചേർപ്പ്: നൂറുവർഷത്തോളം നാടിന് തണലേകിയ ഞെരുവിശ്ശേരിയിലെ ആൽമുത്തശ്ശി ഇനി ഓർമകളിൽ മാത്രം. ആദ്യകാലങ്ങളിൽ നാടകാവതരണവും പൊതുയോഗങ്ങളും പ്രദേശവാസികളുടെ സൗഹദം പങ്കിടുന്ന വേദിയുമായിരുന്നു ഈ ആൽത്തണൽ. ആൽമരത്തോടൊപ്പം തരിശ്, അശോക മരങ്ങളും കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കടപുഴകി വീണിരുന്നു.
സമീപത്തെ വൈദ്യുതിക്കമ്പികളിൽ ആൽമരച്ചില്ലകൾ തട്ടിയെങ്കിലും ഗുരുതരമായില്ല. ഞെരുക്കാവ് വാരിയത്തിനും ശ്രീകൃഷ്ണ ക്ഷേത്രത്തിനും സമീപത്തായിരുന്നു ആൽമരം സ്ഥിതി ചെയ്തിരുന്നത്. പലരുടെയും സന്തോഷവും നൊമ്പരങ്ങളും, നാട്ടുവർത്തമാനങ്ങളും കേട്ടിരുന്ന പഴമയുടെ ആൽമരച്ചുവട്ടിൽ പ്രദേശവാസിയും സാഹിത്യ നിരൂപകനുമായിരുന്ന എൻ.വി. കൃഷ്ണവാരിയർ അടക്കം നിരവധി പേർ ബാല്യത്തിൽ കളിച്ച് ആസ്വദിച്ചിരുന്നു.
ഞെരുവിശ്ശേരി ആറാട്ടുപുഴ റോഡിനോട് ചേർന്ന് പൊതുസ്ഥലത്താണ് ആൽമരം നിന്നിരുന്നത്. 1955ൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആലിന് സംരക്ഷണമായി ചുറ്റുമതിൽ പണിതിരുന്നു. അതിന്റെ 50-ാം വാർഷികം 2005ൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിരുന്നതായി പരിസരവാസിയായ വെളോത്ത് നാരായണൻകുട്ടി ഓർമ്മിക്കുന്നു. ആൽമുത്തശ്ശി കടപുഴകിയതോടെ പ്രദേശവാസികളുടെ സൗഹൃദ ഇടം കൂടി ഇല്ലാതാകുകയാണ്.