1

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ രമ്യ ഹരിദാസ് പരാജയപ്പെട്ടതിന്റെ കാരണം തേടി കെ.പി.സി.സി സമിതിയുടെ അന്വേഷണം അടുത്തയാഴ്ച മുതൽ. തൃശൂരിൽ കെ. മുരളീധരന്റെ തോൽവിയുടെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായതിന് പിന്നാലെയാണ് സമിതി ആലത്തൂരിലേക്ക് പോകുന്നത്.
നേതാക്കളായ കെ.സി. ജോസഫ്, ടി. സിദ്ദിഖ് എം.എൽ.എ, ആർ. ചന്ദ്രശേഖരൻ എന്നിവരാണ് സമിതി അംഗങ്ങൾ. തൃശൂരിൽ മുതിർന്ന നേതാക്കൾ, ഡി.സി.സി, ബ്‌ളോക്ക് ഭാരവാഹികൾ തുടങ്ങിയവരിൽ നിന്നാണ് മൊഴിയെടുത്തത്. സമാന രീതിയിലാകും ആലത്തൂരിലെയും തെളിവെടുപ്പ്. ആലത്തൂരിൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതും വിനയായി.

ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസുവിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷം വോട്ട് കൂടുതൽ കിട്ടിയിരുന്നു. കോൺഗ്രസ് വോട്ടുകളിലാണ് പ്രധാനമായും വിള്ളലുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രമ്യ ഹരിദാസിനോട് പാർട്ടിയിൽ പലർക്കുമുള്ള വിയോജിപ്പാണ് പരാജയകാരണമെന്നും സൂചനയുണ്ട്. തോൽവിയുടെ ഉത്തരവാദിത്വം രമ്യ ഹരിദാസിനാണെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞത് വിവാദമായിരുന്നു. പരാതിയുണ്ടെങ്കിൽ പാർട്ടി വേദിയിൽ ഉന്നയിക്കണമെന്നും താൻ അവിടെ മറുപടി പറയാമെന്നുമായിരുന്നു രമ്യ പ്രതികരിച്ചിരുന്നത്.