bus
സ്വകാര്യ ബസ് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തുന്നു

കുന്നംകുളം: തൃശൂർ-കുറ്റിപ്പുറം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാർ തൊഴിൽ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. സമരത്തിൽ നിന്ന് ഒരു വിഭാഗം വിട്ടു നിന്നതിനാൽ സമരം ഭാഗികമായിരുന്നു. വലിയ ഗർത്തങ്ങൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ബസ് തൊഴിലാളികൾ സമരവുമായി രംഗത്തെത്തിയത്. റോഡ് തകർന്നതിനാൽ അനുവദിച്ച സമയക്രമത്തിൽ ഓടിയെത്താനാകാത്തതും കുഴികളിൽ വീണ് ദിവസവും സ്‌പെയർ പാർട്‌സുകൾ മാറുന്നതും വൻ സാമ്പത്തിക നഷ്ടമാണെന്നും ആരോപിച്ചായിരുന്നു സമരം. തൃശൂരിൽ നിന്നും കോഴിക്കോട്, കുന്നംകുളം, ഗുരുവായൂർ, പാവറട്ടി എന്നി റൂട്ടിലോടുന്ന ബസുകളിലെ തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുത്തത്. രാവിലെ പണി മുടക്കിയ തൊഴിലാളികളുടെ നേതൃത്വത്തിൽ ചൂണ്ടൽ മുതൽ കൈപ്പറമ്പ് വരെ പ്രതിഷേധ ജാഥയും സംഘടിപ്പിച്ചു. സർവീസ് നടത്താൻ ഒരു മാർഗവും ഇല്ലാത്ത സാഹചര്യത്തിലാണ് തങ്ങൾ പണി മുടക്കിന് തയ്യാറായതെന്ന് തൊഴിലാളികൾ പറഞ്ഞു. ഒരു ദിവസം അഞ്ചും പത്തും പ്രാവശ്യം കുഴികളിൽ ചാടി ബസ് ജീവനക്കാരിൽ പലരും രോഗികളായി മാറിയിരിക്കുകയാണ്. കുഴികൾ താത്കാലികമായെങ്കിലും അടച്ച് റോഡ് ഗതാഗതയോഗ്യമാക്കി തരണമെന്ന അപേക്ഷയാണ് തങ്ങൾക്കുള്ളതെന്നും തൊഴിലാളികൾ വ്യക്തമാക്കി. സ്വതന്ത്ര യൂണിയനിൽപ്പെട്ട തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച്ച സമരം.

തൃശൂർ-കുറ്റിപ്പുറം റോഡിന്റെ ശോചനീയാവസ്ഥ മാസങ്ങൾ പിന്നിട്ടുവെങ്കിലും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റോഡിൽ വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ വീഴാതെ ഒരു വാഹനത്തിനും യാത്ര തുടരാനാകാത്ത സ്ഥിതിയാണ്. കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങളും വർദ്ധിച്ചു. ശക്തമായ പ്രതിഷേധങ്ങളും മുഖ്യമന്ത്രി കുഴികളെ പേടിച്ച് വഴി മാറി പോകുകയും ചെയ്ത സാഹചര്യത്തിൽ 28 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി അനുവദിച്ചിരുന്നു. ശക്തമായ മഴ പെയ്യുന്ന സമയത്ത് കുഴികളിൽ ക്വാറി വേസ്റ്റിട്ടുള്ള അശാസ്ത്രീയ നിർമ്മാണം വീണ്ടും റോഡിന്റെ അവസ്ഥ മോശമാക്കിയിരിക്കുകയാണ്. ഇപ്പോൾ വലിയ പാറ കല്ലുകൾ മാത്രമാണ് കുഴികൾ അവശേഷിക്കുന്നത്. കൂടാതെ കല്ലും മണ്ണും റോഡിൽ ചിതറി കിടക്കുന്നതിനാൽ കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.