തൃശൂർ: ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ സർക്കാർ ഓഫീസുകളിൽ ഡിസ്‌പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് പറഞ്ഞു. ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ജില്ലാതല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഓഫീസുകളുടെയും ക്വാർട്ടേഴ്‌സുകളുടെയും പരിസരം മാലിന്യമുക്തമായില്ലെങ്കിൽ പിഴയടക്കണമെന്നും പറഞ്ഞു. എല്ലാ ഓഫീസുകളിൽ നിന്നും കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകി അജൈവ പാഴ് വസ്തുക്കൾ കൈമാറണമെന്നും ഓഫീസുകൾ എല്ലാമാസവും ഡ്രൈഡേ ആചരിക്കണമെന്നും ആവശ്യപ്പെട്ടു. സി. ദിദിക, പി.ജി. സുഗതൻ എന്നിവർ പ്രസംഗിച്ചു.