പുന്നയൂർ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ പുന്നയൂർ പഞ്ചായത്ത്. 14 വയസ് മുതൽ 65 വയസ് വരെ പ്രായമുള്ളവർക്കാണ് ഡിജിറ്റൽ സാക്ഷരതാ പരിജ്ഞാനം നൽകുന്നത്. ഒരു വാർഡിൽ 15 വളണ്ടിയർമാർ എന്ന നിലയിൽ 300 വളണ്ടിയർമാർ ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വാർഡുകളെ വിവിധ സോണുകളാക്കി തിരിച്ച് വളണ്ടിയർമാർക്ക് ചുമതല നൽകി തൊഴിലിടങ്ങളിലും വീടുകളിലുമെത്തി ഡിജിറ്റൽ സാക്ഷരത യജ്ഞം പൂർത്തിയാക്കും. പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം.
പദ്ധതിയുടെ വിവരശേഖരണത്തിനും തുടർന്നുള്ള പരിശീലനം, മൂല്യനിർണയം എന്നിവയ്ക്കായി വിദ്യാർത്ഥികൾ, എൻ.എസ്.എസ് വളണ്ടിയർമാർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, അംഗൻവാടി പ്രവർത്തകർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രവർത്തകർ, ലൈബ്രറി കൗൺസിലർമാർ, യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പുന്നയൂർ പഞ്ചായത്തിലെ 20 വാർഡുകളിലായി ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾക്കുള്ള വളണ്ടിയർ രജിസ്‌ട്രേഷൻ ആരംഭിച്ചു. പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഹറ ബക്കർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥൻ മാസ്റ്റർ, ഷമീം അഷറഫ്, എ.കെ.വിജയൻ, എം.വി.ഹൈദരലി, എം.കെ.അറാഫത്ത്, സി. അഷറഫ്,എൻ.വി. ഷീജ എന്നിവർ സംസാരിച്ചു.


പദ്ധതിയിൽ ഉൾപ്പെടുന്നത്