തൃശൂർ : നാല് ദിവസമായി പെയ്യുന്ന തോരാ മഴയിൽ ജില്ലയിൽ പത്ത് കോടിയിലേറെ രൂപയുടെ കൃഷിനാശം. മൂന്ന് ദിവസം തുടർച്ചയായി പെയ്ത മഴ പുലർച്ചെ മുതൽ ശക്തിപ്രാപിച്ചെങ്കിലും ഉച്ചയോടെ അൽപ്പം ശമിച്ചു. പെരിങ്ങാവ്, കുറ്റൂർ, പുള്ള് മേഖലകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. ഞായറാഴ്ച്ച മുതൽ ഇന്നലെ വരെ പെയ്ത കനത്ത മഴയിൽ പത്ത് കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്.
കൃഷിഭവനുകളിൽ നിന്ന് ലഭിച്ച കണക്കാണ് ഇത്. വാഴ, ജാതിക്ക, നെല്ല് എന്നിവയാണ് കൂടുതൽ നശിച്ചത്. പത്ത് കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്. അതേസമയം ചെമ്പൂക്കാവിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങുവീണു. ഈ സമയം റോഡിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. അളഗപ്പനഗറിൽ കനത്തമഴയിൽ മാപ്രാണി ജോയിയുടെ ഓടിട്ട വീട് തകർന്നു. തിരുവമ്പാടി ക്ഷേത്രത്തിന്റെ അടുത്ത് ലാൻഡ് റവന്യൂ ഓഫീസിനടുത്ത് മരം വീണു. ഫയർ ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സുധൻ, ബിജോയ്, രാകേഷ്, ബിനോദ്, ആൽമ മാധവൻ എന്നിവർ ചേർന്ന് മുറിച്ചുമാറ്റി.
മനക്കൊടി പുള്ള് റോഡിൽ വെള്ളം
വിനോദ സഞ്ചാരകേന്ദ്രമായ പുള്ള് മനക്കൊടി റോഡിലൂടെയുള്ള ഗതാഗതം നിറുത്തിവച്ചു. കനത്തമഴയിൽ പാടശേഖരങ്ങളിൽ വെള്ളം ഉയർന്ന് റോഡിന് മുകളിലൂടെ കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് നടപടി. അന്തിക്കാട് പൊലീസ് ഇടപെട്ടാണ് ഗതാഗതം നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. മനക്കൊടി പുള്ള് റോഡും മനക്കൊടി കോടന്നൂർ ശാസ്താംകടവ് റോഡും അടച്ചു. തൃശൂരിലേക്കുള്ള എളുപ്പവഴിയായതിനാൽ നിരവധി വാഹനങ്ങളാണ് ഇടതടവില്ലാതെ സഞ്ചരിക്കുന്നത്.
കൃഷിനാശം 304 ഹെക്ടറിൽ
നഷ്ടം 2,782 കർഷകർക്ക്
ജാതിക്കൃഷി 47.38 ലക്ഷം
ജാതിത്തൈ 10.33 ലക്ഷം
കുലച്ച വാഴ നശിച്ചത് 844 കർഷകരുടേത്
(നഷ്ടം തുകയിൽ 77.51 ലക്ഷം)
നെൽക്കൃഷി നശിച്ചത് 115 കർഷകരുടേത്