1
1

ഇരിങ്ങാലക്കുട : കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുമ്പോഴും ഇല്ലിക്കൽ റെഗുലേറ്റർ ഷട്ടറുകൾ പൂർണമായും ഉയർത്താതെ അധികൃതർ. മൂർക്കനാട്, കാറളം പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മണലി, കുറുമാലി പുഴകൾ ചേർന്ന് ഒഴുകുന്ന കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. കരുവന്നൂർ പുഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കരുവന്നൂർ പുഴയ്ക്ക് കുറുകെ മൂർക്കനാട്, എട്ടുമന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇല്ലിക്കൽ റെഗുലേറ്റർ സ്ഥിതി ചെയ്യുന്നത്. ആകെ 15 ഷട്ടറുകളുള്ള റെഗുലേറ്ററിൽ കാലപ്പഴക്കം മൂലം മൂന്ന് ഷട്ടറുകൾ ഉയർത്താനാവാത്ത വിധം തകരാറിലാണ്. പുഴയിൽ വെള്ളം ഉയർന്ന് തുടങ്ങിയിട്ട് പോലും എട്ട് ഷട്ടറുകൾ മാത്രമാണ് അധികൃതർ ഉയർത്തിട്ടുള്ളത്. മറ്റ് ഷട്ടറുകളുടെ മുകളിലൂടെ വെള്ളം പോകുന്ന അവസ്ഥയാണ് ഇപ്പോൾ. യഥാസമയം ഷട്ടറുകൾ തുറന്നിടാത്ത അധികൃതരുടെ അനാസ്ഥ മൂലം മൂർക്കനാട്, കാറളം പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ചിമ്മിനി ഡാം അടക്കം തുറന്നാൽ പുഴയിലേയ്ക്ക് കൂടുതൽ വെള്ളം എത്തിച്ചേരാൻ ഇടയുണ്ട്.

-------

മഴയിലും കാറ്റിലും ഇരിങ്ങാലക്കുടയിൽ കനത്ത നാശം :

കാറളം എൽ.പി സ്കൂളിൽ ക്യാമ്പ് തുറന്നു

ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ കനത്ത നാശ നഷ്ടം. കാറളം പഞ്ചായത്തിൽ ആലുക്കക്കടവ്, ചെങ്ങാനിപ്പാടം പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയതോടെ കാറളം എ.എൽ.പി.എസ് സ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചു. അഞ്ച് കുടുംബങ്ങളിൽ നിന്നായി കുട്ടികൾ അടക്കം 16 പേരാണ് ക്യാമ്പിലുള്ളത്. ഇനിയും മൂന്നോളം കുടുംബങ്ങൾ ക്യാമ്പിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കാറളം രണ്ടാം വാർഡ് പുഴംപ്പളം മേഖലയിലും ഒന്നാം വാർഡ് ചെങ്ങാനിപ്പാടം മേഖലയിലുമാണ് വീടുകളിൽ വെള്ളം കയറിയിട്ടുള്ളത്. നാല് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കാറളം ഐ.എച്ച്.ഡി.പി കോളനിയും വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്. കാറളത്ത് കഴിഞ്ഞ ദിവസങ്ങളിലായി മരങ്ങൾ വീണ് നാല് വീടുകൾക്ക് ഭാഗിക നഷ്ടം സംഭവിച്ചിരുന്നു. കാട്ടൂർ പഞ്ചായത്തിൽ ചെമ്പൻച്ചാൽ പ്രദേശം വെള്ളക്കെട്ടിന്റെ ആശങ്കയിലാണ്. ഇവിടെ ഒരു വീട്ടിൽ വെള്ളം കയറിയിട്ടുണ്ട്. കരാഞ്ചിറ പ്രദേശത്ത് മരം വീണ് നായരുപറമ്പിൽ ശശിയുടെ കടയ്ക്ക് നഷ്ടങ്ങൾ നേരിട്ടിരുന്നു. പടിയൂർ പഞ്ചായത്തിൽ മഠത്തിപറമ്പിൽ അനിൽകുമാറിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നിട്ടുണ്ട്. പൂമംഗലം പഞ്ചായത്തിൽ എടക്കുളം എലമ്പലക്കാട്ട് ക്ഷേത്രത്തിന് അടുത്ത് മൂന്ന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. രണ്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

------------

അവലോകന യോഗം

കാട്ടൂർ : കാട്ടൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ അടിയന്തരമായി അവലോകന യോഗം വിളിച്ചുചേർത്തു. വില്ലേജ് ഓഫീസർ ആശ ഇഗ്‌നേഷ്യസ്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്തംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അടിയന്തര സാഹചര്യത്തിൽ 8547453383 എന്ന പഞ്ചായത്ത് കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് സ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ടെന്നും വീടുകളിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ ക്യാമ്പിലേക്ക് മാറേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.