മാള: കൂഴൂർ പഞ്ചായത്തിലെ കുണ്ടൂർ, പായ്ത്തുരുത്ത്, വയലാർ, ആലമറ്റം പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് വാഴകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചുഴലിയിലും വെള്ളക്കെട്ടിലും നശിച്ചു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പായത്തുരുത്തിൽ തൂക്കുപാലത്തിനടുത്ത് പാട്ടത്തിനെടുത്ത പത്തേക്കറോളം ഭൂമിയിൽ കൃഷി ചെയ്തിരുന്ന ആറായിരത്തോളം വാഴകളിൽ ഭൂരിഭാഗവും കഴിഞ്ഞ ദിവസമുണ്ടായ ചുഴലിയിൽ ഒടിഞ്ഞ് നശിച്ചുപോയി. മടത്തുംപടി സ്വദേശിയായ രജീഷിന്റേതാണ് നശിച്ച വാഴകളിൽ ഏറെയും. ഓണത്തിന് വിളവെടുക്കാൻ പാകത്തിൽ മൂപ്പുള്ള കുലകളാണ് കാറ്റിൽ ഒടിഞ്ഞു വീണത്. രണ്ടു വർഷമായി ഇവിടെ നേന്ത്ര വാഴക്കൃഷി ചെയ്യുന്നയാളാണ് രജീഷ്. വായ്പയെടുത്തും മറ്റും കൃഷി നടത്തുന്നവരുടെയാണ് നശിച്ച വാഴകളിൽ ഏറിയകൂറും. കുണ്ടൂരിലെ അയ്യപ്പൻകുട്ടിയുടെ ആയിരത്തോളം വാഴകളും ശക്തമായി വീശിയ ചുഴലിയിൽ ഒടിഞ്ഞു വീണു. പാപ്പച്ചൻ, ജോണി, പി.പി. വർഗീസ്, കെ.ഒ. കൊച്ചുദേവസി എന്നീ കർഷകരുടെയും നിരവധി വാഴകൾ ഒടിഞ്ഞുവീണു. ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ വലിയ തോതിലുള്ള നഷ്ടമാണ് കർഷകർക്കുണ്ടായിട്ടുള്ളത്.