പുതുക്കാട്: പുതുക്കാട് പഞ്ചായത്തിലെ പൈനാടത്ത് ക്രഷർ ക്രമവത്കരിച്ചത് സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവും സംശയത്തിന് ഇടനൽകാത്തവിധവും മറുപടി സൗജന്യമായി ലഭ്യമാക്കാൻ സംസ്ഥാന വിവരാവകാശകമ്മീഷണർ കെ.എം.ദിലീപ് ഉത്തരവിട്ടു. പ്രവർത്തിച്ചു കൊണ്ടിരുന്ന ക്രഷർ മറ്റൊരാൾ വാങ്ങി പഞ്ചായത്തിന്റെ അനുമതി കൂടാതെ ആധുനികവത്കരിക്കുകയും ശേഷി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അനുമതി കൂടാതെ ക്രഷറിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താൻ ക്രഷർ ഉടമ അനുമതിക്ക് അപേക്ഷിക്കുകയും പഞ്ചായത്ത് അനുമതി നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനാണ് ഉത്തരവിട്ടത്. കമ്മീഷൻ മുമ്പാകെ നടന്ന സിറ്റിങ്ങിൽ ഇപ്പോഴത്തെ വിവരാവകാശ ഓഫീസറും അപ്പീൽ അധികാരിയായ അസി.എക്‌സികൃൂട്ടിവ്് എൻജിനീയർ ഹാജരായിരുന്നു. സംശയത്തിന് ഇട നൽകാത്ത വിധം അപേക്ഷകർക്ക് മറുപടി നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഒന്നാം എതിർകക്ഷിയായ പുതുക്കാട് പഞ്ചായത്ത് അസി. എൻജിനീയർ ഷാനു ഷാജഹാന് കർശന നിർദ്ദേശവും നൽകി. കഴിഞ്ഞ വർഷം നവംബർ 18ന് ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനും ചെങ്ങാലൂർ സ്വദേശിയുമായ പി.എൻ. ഷിനോഷ് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ അവ്യക്തമായ മറുപടിയാണ് നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ നൽകിയത്.