വടക്കഞ്ചേരി: ഡോ:എം.എസ്.വല്യത്താന്റെ മരണവിവരം അറിഞ്ഞതിന്റെ ഹൃദയനൊമ്പരത്തിലാണ് വെള്ളറക്കാട് സ്വദേശി കോട്ടമ്മൽ വീട്ടിൽ കെ.ഡി.മുരളീധരൻ (72). വല്യത്താൻ ഈ വൃദ്ധന് കാണപ്പെട്ട ദൈവമാണ്. 1990 ഡിസംബർ ആറ് മുരളീധരന്റെ ജീവിത വഴിയിലെ പ്രധാനപ്പെട്ട ദിനമാണ്. ഹൃദയതാളം നിലയ്ക്കുമെന്ന അവസ്ഥയിൽ 34 വർഷം മുമ്പ് സമീപിച്ച മുരളീധരനോട് കൃത്രിമവാൽവ് ഘടിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലെന്ന് ഡോക്ടർ പറഞ്ഞു. മൂന്ന് പതിറ്റാണ്ട് മുമ്പ് വൈദ്യശാസ്ത്രത്തിൽ അപരിചിതമായിരുന്നു ഈ ചികിത്സാരീതി.
അങ്ങനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ വല്യത്താൻ ഡോക്ടർ നിർമ്മിച്ച ആദ്യ ഹൃദയവാൽവ് വച്ച് മുരളീധരന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. പിന്നീട് ഒരു ലക്ഷത്തിലധികം പേർ വാൽവ് സ്ഥാപിക്കൽ ശസ്ത്രക്രിയയിലൂടെ ജീവിത വഴിയിലെത്തി. സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പ്രൊഫ:കെ.ഡി.ബാഹുലേയന്റെ ജ്യേഷ്ഠനാണ് മുരളീധരൻ. ശസ്ത്രക്രിയയ്ക്ക് മുമ്പ് വാൽവിന്റെ മാതൃക മുരളീധരനും കുടുംബാംഗങ്ങൾക്കുമായി ഡോക്ടർ പരിചയപ്പെടുത്തി. വല്യത്താൻ ഡോക്ടർക്കൊപ്പം വൈറ്റ്ഫീൽഡ് സായ് ഹോസ്പിറ്റൽ കാർഡിയോളജി ഹെഡ് ആയിരുന്ന ഡോ:കൃഷ്ണമനോഹറടക്കമുള്ള ടീമും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയതായി പ്രൊ:കെ.ഡി.ബാഹുലേയൻ പറയുന്നു. ശസ്ത്രക്രിയ വിജയമായതോടെ കോട്ടമ്മൽ കുടുംബത്തിന്റെ ആത്മമിത്രമായി വല്യത്താൻ മാറി. ഉഡുപ്പിയിൽ നടന്ന ഡോക്ടറുടെ പിറന്നാൾ ചടങ്ങിൽ മുഖ്യാതിഥികളായി മുരളീധനും, കുടുംബവും. വൈറ്റ്ഫീൽഡ് ആശുപത്രിയിൽ നടന്ന കാർഡിയോളജിസ്റ്റുമാരുടെ സെമിനാറിൽ ഡോ.വല്യത്താന് ഉപഹാരം നൽകിയത് മുരളീധരനായിരുന്നു. എല്ലാ ഡിസംബർ ആറിനും മുരളീധരന് ഡോക്ടറുടെ വിളിയെത്തും. സുഖവിവരം അന്വേഷിക്കും. ഇനി ആ വിളി ഉണ്ടാകില്ലെന്ന വേദനയും, അവസാനമായി ഒരു നോക്ക് കാണാനാകാത്തതിന്റെ നൊമ്പരവും മുരളീധരന് ബാക്കിയാവുകയാണ്.