കൊടുങ്ങല്ലൂർ : ശ്രീനാരായണപുരത്ത് മദ്രസ കെട്ടിടം തകർന്ന് വീണു. കട്ടൻ ബസാറിന് വടക്കുവശം ജലാലിയ മസ്ജിദിന് കീഴിലുള്ള മൊയീനിസ മദ്രസയാണ് തകർന്നത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. മദ്രസ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന നിലയിലാണ്. കെട്ടിടത്തിന്റെ ഭിത്തിയിലും തൂണുകളിലും വിള്ളൽ വീണിട്ടുണ്ട്. തകർന്ന കെട്ടിടം തൊട്ടടുത്തുള്ള മസ്ജിദിന് മേൽ ചാഞ്ഞ നിലയിലാണ്. സാധാരണഗതിയിൽ ഈ സമയത്ത് 130 ഓളം വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരും മദ്രസയിൽ ഉണ്ടാകാറുണ്ട്. മദ്രസയിൽ പഠനം നടക്കുന്ന സമയമായിരുന്നു. കനത്ത മഴയായിരുന്നതിനാൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ മദ്രസയ്ക്ക് അവധിയായിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാർ. ശക്തമായ മഴയിൽ മദ്രസ നിൽക്കുന്ന സ്ഥലത്ത് ആകെ വെള്ളക്കെട്ടായിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കവും വെള്ളക്കെട്ടുമാണ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പുതിയ മദ്രസ പണിയാൻ സ്ഥലം വാങ്ങിയിരുന്നുവെന്നും പറയുന്നു. ഇതിനിടയിലാണ് കെട്ടിടം തകർന്നത്. വിവരമറിഞ്ഞ് നിരവധിയാളുകൾ സ്ഥലത്ത് എത്തി.