പാവറട്ടി/വടക്കാഞ്ചേരി : കനത്ത മഴയിൽ മേഖലയിൽ നിരവധി വീടുകൾ തകർന്നു. കൃഷിയും റോഡും ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. മുല്ലശ്ശേരി പഞ്ചായത്തിൽ മാത്രം മൂന്ന് വീട് തകർന്നു. എട്ടാം വാർഡിൽ കൈരളി റോഡിനു സമീപം ചീരോത്ത് പരേതനായ സനീഷിന്റെ ഭാര്യ ഹിമയുടെ വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയാണ് വീണത്. പാത്രങ്ങളും മറ്റും നശിച്ചു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മുല്ലശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ കോട്ടപ്പാടത്ത് ഉപ്പത്തിൽ അശോകന്റെ വീടിന്റെ ചുമർ ഇന്നലെ രാത്രി തകർന്നു. വീട്ടുകാരെ വാടക വീട്ടിലേക്ക് മാറ്റി. ഓട് വീടിന്റെ പിറകുവശത്തുള്ള ചുമരാണ് ഇടിഞ്ഞത്. വാർഡ് അംഗം ടി.ജി പ്രവീൺ സ്ഥലം സന്ദർശിച്ചു. രണ്ടാം വാർഡിലെ പെരുവല്ലൂർ കണ്ണേങ്ങാത്ത്, മാണിക്കത്ത് വേണുവിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു.
വടക്കാഞ്ചേരി എങ്കക്കാട് ആലക്കൽ പാറുവിന്റെ വീട് തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു സംഭവം. 85 കാരിയായ പാറുവും, മകൻ ബാലനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഓടിട്ട വീടിന്റെ ചുമരുകൾ ഇടിഞ്ഞ് മേൽക്കൂര തകരുന്നതിനിടെ ബാലൻ വീടിനകത്ത് വിശ്രമത്തിലായിരുന്ന മാതാവിനെ വലിച്ച് പുറത്തേക്കെത്തിക്കുകയായിരുന്നു.
കേച്ചേരി: മഴുവഞ്ചേരി ഇ.എം.എസ് നഗറിൽ താമസിക്കുന്ന തോപ്പിൽ വീട്ടിൽ രജനിയുടെ വീടിന്റെ പിറകുവശം ബുധനാഴ്ച രാത്രി തകർന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന രജിനിയും പെൺമക്കളും പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി. കുടുംബത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു. മൂന്നു പെൺമക്കളും അമ്മയും അടങ്ങുന്ന കുടുംബമാണ്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള അധികൃതർ സ്ഥലംസന്ദർശിച്ചു.
വെള്ളം കയറി റോഡ്,
പേരാമംഗലം: കനത്ത മഴയിൽ കുറ്റൂർ എം.എൽ.എ റോഡിലും കുറ്റൂർ അമല ചാമക്കാട് റോഡിലും വെള്ളം കയറി. പാടത്തോട് ചേർന്ന വീടുകളിലും പറമ്പുകളിലും വെള്ളം കയറി. ചാമക്കാട് വഴി അമല ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ട്. വെള്ളം ഒഴുകുന്നതിനാൽ റോഡ് ദൃശ്യമല്ല. മാസങ്ങൾക്കു മുൻപ് കുറ്റൂർ ചാമക്കാട് പാടം റോഡിൽ സ്വകാര്യ ബസ് പാടത്തേക്ക് ചരിഞ്ഞ് അപകടമുണ്ടായിരുന്നു.
കാനയ്ക്ക് പകരം കോൺക്രീറ്റ് പൈപ്പ്
വെള്ളത്തിലായി കോഴിപ്പറമ്പ്
പാവറട്ടി : വെള്ളം ഒഴുകിപ്പോകാൻ റോഡിന് കാന നിർമ്മിക്കുന്നതിന് പകരം കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ചതുമൂലം തൊയക്കാവ് കോഴിപ്പറമ്പിന് സമീപം വെള്ളക്കെട്ട്. കാലങ്ങളായി വെള്ളം ഒഴുകിപ്പോയിരുന്ന പഴയ തോട് നികത്തി 2014-15ൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിച്ചത്. എന്നാൽ സ്ഥിരമായി പ്രദേശത്തെ വെള്ളം ഒഴുകി പോകാൻ കാനയ്ക്ക് പകരം റോഡിന് നടുവിലൂടെ വ്യാസം കുറഞ്ഞ മുപ്പത് മീറ്റർ കോൺക്രീറ്റ് പൈപ്പാണ് സ്ഥാപിച്ചത്. ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടാൻ കോഴിപ്പറമ്പ് റോഡ് പൊളിച്ചപ്പോൾ ഈ പൈപ്പുകൾ പല സ്ഥലങ്ങളിലും തകരുകയായിരുന്നു. പണിക്കവീട്ടിൽ ആമിന കുഞ്ഞുമുഹമ്മദിന്റെ വീട് ഭാഗികമായി വെള്ളം കയറി. നാല് വർഷമായി ഈ വീട്ടിൽ മഴക്കാലത്ത് വെള്ളം കയറും. ഇക്കാര്യം കാട്ടി വെങ്കിടങ്ങ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി അയച്ചിരുന്നു. എന്നാൽ പരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം വീട്ടുകാർ തകർന്ന പൈപ്പ് ഒരു ഭാഗം ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കി വെള്ളം ഒഴുക്കിവിട്ടിരുന്നു. ഇത്തവണയും വലിയ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിച്ചിരുന്നു.
കാപ്ഷൻ: തൊയക്കാവ് കോഴിപ്പറമ്പിന് സമീപം വെള്ളട്ടിൽ അകപ്പെട്ട ഒരു വീട്.