വടക്കാഞ്ചേരി: നവീകരണ പ്രഖ്യാപനം പിന്നിട്ട് ഒരു വർഷം കഴിയുമ്പോഴും കാട്ടുപൊന്തകളും മാലിന്യങ്ങളും നിറഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ട നിലയിലാണ് വടക്കാഞ്ചേരി പുഴ. ടോട്ടൽ ഡെവലപ്‌മെന്റ് പ്ലാൻ ഫോർ വടക്കാഞ്ചേരി റിവർ ഫേയ്‌സ് എന്ന പേരിൽ സമഗ്ര വികസനത്തിന് പത്ത് കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെന്ന് കഴിഞ്ഞ വർഷമാണ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് വടക്കാഞ്ചേരി പുഴയിൽ പുതുപ്പാലം മുതൽ കുമ്മായച്ചിറ വരെയുള്ള ഭാഗത്ത് കാട്ടുപൊന്തകൾ മൂലം ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. കുമ്മായച്ചിറയിൽ നിരവധി മാലിന്യം അടിഞ്ഞുകിടക്കുന്നു. റെയിൽപ്പാളം ഉള്ളതിനാൽ മച്ചാട് മുതൽ ഭരണിപച്ച പട്ടാണിക്കാട് വരെയുള്ള വെള്ളം ഒഴുകിപ്പോകുന്നത് വടക്കാഞ്ചേരി പുഴയിലൂടെയാണ്. ഇതോടെ വാഴാനി ഡാം തുറന്നാൽ പ്രളയ ആശങ്കയിലാണ് സമീപപ്രദേശങ്ങൾ. വാഴാനി ഡാം മുതൽ കാഞ്ഞിരക്കോട് വരെയുള്ള 20 കിലോമീറ്റർ ഭാഗത്തെ വികസനമാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. 51 കിലോമീറ്റർ നീളമുള്ള വടക്കാഞ്ചേരി പുഴയിൽ 16 ചിറകളുണ്ട്. വാഴാനി ജലസേചന പദ്ധതി മുഖേന തലപ്പിള്ളി താലൂക്കിലെ 3,560 ഹെക്ടർ ഭൂമിയിൽ ജലസേചനത്തിനായി പുഴ ഉപയോഗിക്കുന്നുമുണ്ട്.

നവീകരണത്തിന് പദ്ധതി ഇങ്ങനെ

എട്ട് കിലോമീറ്റർ ഭാഗത്ത് പ്രളയാനന്തരം അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യൽ, 4.5 കിലോമീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം, അഞ്ച് സ്ഥലത്ത് നടപ്പാത നിർമ്മാണം, വടക്കാഞ്ചേരി ശിവക്ഷേത്ര കുളിക്കടവടക്കം അഞ്ച് കുളിക്കടവ് നിർമ്മാണം, പട്ടിയാംകുന്നിൽ ട്രാക്ടർ വേ, അകമല തോടിലെ പ്രളയാവശിഷ്ടം നീക്കം ചെയ്യൽ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെ പുഴ നടത്തം സംഘടിപ്പിച്ചായിരുന്നു വികസന ആവശ്യം തയ്യാറാക്കിയത്.

പുഴ നവീകരണം അടിയന്തരമായി പൂർത്തിയാക്കണം

ജനനി

പരിസ്ഥിതി സംഘടന

പദ്ധതി ലക്ഷ്യം സമഗ്രവികസനം

കരുമത്ര, മങ്കര, തെക്കുംകര, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ജലദൗർലഭ്യത്തിന് പരിഹാരം

വടക്കാഞ്ചേരി, തെക്കുംകര സമഗ്രകാർഷിക വികസനം
വെള്ളക്കെട്ട് ഒഴിവാക്കൽ
പുഴയുടെ സ്വാഭാവിക നീരൊഴുക്ക് പുന:സ്ഥാപിക്കൽ
തീരശോഷണം തടയൽ
പുഴ തട ടൂറിസവികസനം