ചേർപ്പ് : തൃശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ പൂച്ചിന്നിപ്പാടം, ഊരകം ഭാഗത്ത് കെ.എസ്.ടി.പിയുടെ റോഡ് നിർമ്മാണം മൂലം പതിവായി ഗതാഗതക്കുരുക്കിലാണ് പെരുമ്പിള്ളിശ്ശേരി സെന്റർ. വാഹനങ്ങൾ ചേർപ്പ് വഴി വരുന്നതിനാലാണ് പെരുമ്പിള്ളിശ്ശേരി സെന്ററിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ നിയന്ത്രിച്ച് മാത്രം കടത്തിവിടുന്നത് മൂലമാണ് ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന് ഒരു അന്യസംസ്ഥാനത്തൊഴിലാളി മാത്രമാണുള്ളത്. രാവിലെ 8 മണി മുതൽ പത്ത് വരെയും വൈകുന്നേരങ്ങളിലുമാണ് വാഹനത്തിരക്ക് ഏറെയുള്ളത്. ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിച്ചാൽ അപകടങ്ങൾ കുറയുകയും ഗതാഗത കുരുക്കിന് കുറവുണ്ടാകുമെന്നുമാണ് നാട്ടുകാർ പറയുന്നത്. ട്രാഫിക് പൊലീസിനെ ഗതാഗത നിയന്ത്രണത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം.
കുത്തികയറ്റുന്നത് കുരുക്ക് കൂട്ടുന്നു
അന്യസംസ്ഥാന തൊഴിലാളി മാത്രം വിചാരിച്ചാൽ ഗതാഗതം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പലരും ഇയാൾ പറയുന്നത് അനുസരിക്കാൻ കൂട്ടാക്കുന്നുമില്ല. വാഹനങ്ങൾ തിക്കിയും ഞെരുക്കിയും കയറ്റുന്നതും കുരുക്ക് കൂട്ടുന്നു.