kuzhi

മാള: ജലനിധി പൈപ്പ് തകരാറിലായത് പരിഹരിക്കാൻ കുഴിച്ച കുഴി തകരാർ പരിഹരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മൂടാത്തത് അപകടക്കെണിയാകുന്നു. മാള സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം കെ.കെ. റോഡിൽ മൂന്ന് ആഴ്ച മുമ്പെടുത്ത കുഴിയാണ് മൂടാതെ അപകടക്കെണിയായി കിടക്കുന്നത്. മാളയിലെ ഏറ്റവും തിരക്കുള്ള റോഡാണിത്. വിദ്യാർത്ഥികളടക്കമുള്ള ഒരുപാട് യാത്രക്കാർ കടന്നുപോകുന്ന വഴിയാണിത്. തുറന്നു കിടക്കുന്ന ഈ കുഴി ഗതാഗത തടസ്സത്തിനും അപകടത്തിനും വഴിയൊരുക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണിത്. നിരവധി തവണ പരാതി പറഞ്ഞിട്ടും കുഴി മൂടാൻ ജലനിധി അധികൃതർ തയ്യാറായിട്ടില്ല. അപകടത്തിന് കാത്ത് നിൽക്കാതെ കുഴി മൂടി യാത്രാദുരിതം പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

ഇരുചക്ര വാഹനാപകടം പതിവ്

രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. സമീപത്തുള്ള ആശുപത്രിയിലേയ്ക്ക് വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് കുഴി മാർഗതടസ്സം സൃഷ്ടിക്കുന്നുണ്ട്. സമീപത്തെ കച്ചവടക്കാരും കടയ്ക്കു മുന്നിലെ കുഴി കാരണം ബുദ്ധിമുട്ടുകയാണ്.