1

തൃശൂർ: മേയർ വിഷയത്തിൽ പിണങ്ങിനിൽക്കുന്ന സി.പി.ഐ ഇന്ന് നടക്കുന്ന കൗൺസിലിൽ പങ്കെടുത്തേക്കും. ഇതോടെ ഭരണപക്ഷത്തെ മുൾമുനയിൽ നിറുത്താമെന്ന പ്രതിപക്ഷമോഹത്തിന് ഭംഗമാകും. ഒന്നരമാസത്തിന് ശേഷമാണ് കൗൺസിൽ യോഗം ചേരുന്നത്. മേയറുടെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയ സി.പി.ഐയെ മുതിർന്ന എൽ.ഡി.എഫ് നേതാക്കളാണ് അനുനയിപ്പിച്ചത്. തുടർന്നാണ് ഭരണസ്തംഭനം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്നത്തെ യോഗത്തിൽ സി.പി.ഐ പങ്കെടുക്കുന്നത്.

55 അംഗ ഭരണസമിതിയിൽ 25 പേരുടെ പിന്തുണയാണ് ഭരണപക്ഷത്തിനുള്ളത്. ഇതിൽ നിന്ന് നാല് അംഗങ്ങളുള്ള സി.പി.ഐ വിട്ടുനിന്നാൽ ഭരണപക്ഷം ന്യൂനപക്ഷമാകും. ഇതിനാലാണ് കൗൺസിൽ യോഗം ചേരാതെ നീട്ടിക്കൊണ്ടുപോയത്. ഇനിയും യോഗം ചേരാതിരുന്നാൽ ഭരണപ്രതിസന്ധിക്ക് സാദ്ധ്യതയുള്ളതിനാലാണ് ഇന്ന് വൈകീട്ട് മൂന്നിന് യോഗം ചേരുന്നത്.
ജൂലായ് മൂന്നിന് അടിയന്തര കൗൺസിൽ യോഗം വിളിച്ചെങ്കിലും സി.പി.ഐ ബഹിഷ്‌കരിക്കുമെന്നായതോടെ പിൻവലിക്കുകയായിരുന്നു. ഇതിനുശേഷമാണ് മേയർ രാജി വയ്ക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാറും ആവശ്യപ്പെട്ടത്. അതേസമയം ജനതാ ദൾ ( എസ്) പ്രതിനിധി ഷീബ ബാബു പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല.

അഞ്ച് അജണ്ടകൾ മാത്രം
ഒന്നര മാസത്തിന് ശേഷം ചേരുന്ന കൗൺസിൽ യോഗത്തിൽ ആകെയുള്ളത് പത്ത് അജണ്ടകൾ മാത്രം. കോർപറേഷനിൽ നിന്ന് വിരമിച്ച നാലു പേരുടെ വിരമിക്കൽ അനുകൂല്യം നൽകുന്നത് സംബന്ധിച്ചാണ് ഇതിൽ മൂന്നെണ്ണം. അടിയന്തര കൗൺസിൽ യോഗത്തിന് തയ്യാറാക്കിയ നിരവധി വിഷയങ്ങൾ ഉള്ളപ്പോഴാണ് പത്ത് അജണ്ടകൾ മാത്രം വച്ച് യോഗം ചേരുന്നത്. അതേസമയം കോർപറേഷന്റെ ഭരണ സ്തംഭനത്തിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. ഇത് കൗൺസിലിലും പ്രതിഫലിച്ചേക്കും.


മേയർ കാര്യത്തിൽ തീരുമാനം ഉടൻ

സി.പി.ഐ ഉയർത്തിയ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കാമെന്ന് സി.പി.എം ഉറപ്പ് നൽകിയെന്ന് സൂചന. ഓഗസ്റ്റ് രണ്ടാം വാരത്തോടെ തീരുമാനമെടുത്തേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മേയറുടെ നിലപാട് എൽ.ഡി.എഫിന് തൃശൂരിൽ തിരിച്ചടിയായെന്ന നിലപാടിലാണ് സി.പി.ഐ. ഇതേത്തുടർന്നാണ് മേയറുടെ രാജി ആവശ്യവുമായി മുന്നോട്ടുവന്നത്. ഇന്ന് സി.പി.ഐയുടെ ജില്ലാ കൗൺസിൽ യോഗവും ചേരുന്നുണ്ട്.