vaidhyudhi
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകൾ മറിഞ്ഞുവീണു വിദ്യാർഥികൾ രക്ഷപ്പെട്ടത് തല നാരിഴക്ക്.

മുണ്ടൂർ : ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകൾ മറിഞ്ഞുവീണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്. ഇതോടെ മുണ്ടൂർ പഴമുക്ക് അങ്ങാടി ഇരുട്ടിലായി. മുണ്ടൂർ പഴമുക്ക് വഴിയിൽ ഇന്നലെ വൈകിട്ട് നാലോടെ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണതിനെ തുടർന്ന് അഞ്ച് വൈദ്യുതി തൂണുകൾ മറിയുകയും മൂന്ന് കാലുകൾ ചെരിയുകയും ചെയ്തു. വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടു. മുണ്ടൂർ നിർമ്മൽ ജ്യോതി സ്‌കൂളിനോട് ചേർന്ന് പഴമുക്ക് വഴിയിലായിരുന്നു സംഭവം. സ്‌കൂൾ വിട്ട് വിദ്യാർത്ഥികളും സ്‌കൂൾ വാഹനങ്ങളും കടന്നുപോകുന്ന സമയത്തായിരുന്നു ദുരന്തം. വിദ്യാർത്ഥികളുമായി പോകുന്ന രണ്ട് വാഹനങ്ങളും ഏതാനും വിദ്യാർത്ഥികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്‌കൂൾ ബസും മറ്റ് വാഹനങ്ങളും വഴിതിരിച്ച് പെരിങ്ങന്നൂർ വഴിയാണ് പിന്നീട് കടന്നുപോയത്.

അറങ്ങാശേരി ജോയിയുടെ പറമ്പിലെ മരം കടപുഴകി അയൽവാസിയായ അറങ്ങാശ്ശേരി അന്തോണിയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ കാർ പോർച്ചിന് മുകളിലൂടെയാണ് വീണത്. കെ.എസ്.ഇ.ബി മുണ്ടൂർ ഡിവിഷൻ സബ് എൻജിനീയർമാരായ ജസ്റ്റിൻ, സന്തോഷ്‌കുമാർ, ഓവർസിയർ പ്രദീപൻ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ വൈദ്യുതി ബന്ധവും ഗതാഗതവും പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. എ.ബി.സി കേബിൾ ഉൾപ്പെടെ വൈദ്യുതി കമ്പികൾക്ക് കേടുപാടുണ്ടായതോടെ മുണ്ടൂർ പഴയങ്ങാടിയിലെ 400ഓളം കുടുംബങ്ങൾ ഇരുട്ടിലായി. 48 മണിക്കൂറിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. പഞ്ചായത്ത് അധികൃതരും വാർഡ് മെമ്പർ മേരി പോൾസനും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി.