ചാലക്കുടി: അതിരപ്പിള്ളിയിലേക്കുള്ള പ്രധാന റോഡിൽ നിറയെ വൻകുഴികൾ. രണ്ടാഴ്ച മുമ്പ് അറ്റകുറ്റപ്പണി നടത്തിയ അതിരപ്പിള്ളി റൂട്ടിലെ എലിഞ്ഞിപ്ര റോഡാണ് വീണ്ടും തകർന്നത്. നിരവധി വിനോദ സഞ്ചാരികളാണ് ഇതുവഴി കടന്നുപോകുന്നത്. നായരങ്ങാടി ജംഗ്ഷന് സമീപം അറ്റകുറ്റപ്പണി നടത്തിയിട്ടും നികത്താതിരുന്ന കുഴികളാണ് വൻഗർത്തങ്ങളായത്. നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപെടുന്നത്. കഴിഞ്ഞദിവസം സംസാര ശേഷിയില്ലാത്ത മോട്ടോർ സൈക്കിൾ മെക്കാനിക്ക് ടോമി കുന്നത്തൂരിന് ഈ കുഴിയിൽ വീണ് നിസാര പരിക്കേറ്റിരുന്നു. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടയിലും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. പരിയാരം കുരിശ് ജംഗ്ഷൻ വരെ ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്. ഭൂരിഭാഗം കുഴികളും വളവിലാണ്. ഇത് കൂടുതൽ അപകടം സൃഷ്ടിക്കുന്നു.
മുന്നറിയിപ്പ് നൽകി നാട്ടുകാർ
അപകടങ്ങൾ വർദ്ധിച്ചതോടെ എലിഞ്ഞിപ്ര ജംഗ്ഷന് സമീപത്തെ മൂഞ്ഞേലി ബെന്നി, ജോഷി കരിപ്പായി, വടാശേരി ജോസ് എന്നിവർ ചേർന്ന് റോഡിൽ അപകട മുന്നറിയിപ്പ് സ്ഥാപിച്ചു. കുഴിയിലെ വെള്ളക്കെട്ടിൽ വാഴ നട്ടും വൈദ്യുതി പോസ്റ്റിൽ ചുവപ്പ് തുണി കെട്ടിയുമാണ് മുന്നറിയിപ്പ് നൽകിയത്. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേയ്ക്കുള്ള അന്തർ സംസ്ഥാന പാതയാണ് പലയിടത്തും തകർന്ന് കിടക്കുന്നത്.
എലിഞ്ഞിപ്ര റോഡിലെ കുഴിക്ക് സമീപം നാട്ടുകാർ സ്ഥാപിച്ച അപകട മുന്നറിയിപ്പ്.