കൊടുങ്ങല്ലൂർ : പി. വെമ്പല്ലൂർ ശ്രീസായി വിദ്യാഭവനിലെ ഗുരുപൂർണിമ ആഘോഷങ്ങൾ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം പ്രസിഡന്റ് സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുവാക്യങ്ങൾ ഉൾക്കൊണ്ട് സത്ക്കർമ്മങ്ങളിലൂടെ ജീവിച്ചാൽ അത് നമ്മെ പൂർണതയിലേക്ക് നയിക്കുമെന്നും ഓരോരുത്തരുടെയും ആനന്ദം നമ്മിൽ തന്നെയാണെന്നും അത് കണ്ടെത്താൻ ഗുരുക്കന്മാർ നമ്മെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ ചെയർമാൻ ടി. ബാലകൃഷ്ണൻ സ്വാമികളെ പൂർണകുംഭം നൽകി സ്വീകരിച്ചു. സ്‌കൂൾ ഡയറക്ടർ സി. വിജയകുമാരിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പാദപൂജ ചെയ്തു. അദ്ധ്യാപകർ കുട്ടികൾക്ക് മധുരം നൽകി അനുഗ്രഹ വർഷം ചൊരിഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. വരദ ബി. മേനോൻ കുട്ടികൾക്ക് ഗുരുപൂർണിമ സന്ദേശം നൽകി. പ്രിൻസിപ്പൽ സിജി സിജേഷ്, വൈസ് പ്രിൻസിപ്പൽ പി.സി. മോഹനൻ, പി.ടി.എ പ്രസിഡന്റ് ടി. ജയകുമാർ, എൻ.വി. ഷാജി, എൻ. നന്ദകുമാർ, എം.എൻ. നന്ദകുമാർ, എം.എ. മോഹനൻ, വിജയശ്രീ നന്ദൻ, പി.എ. ബാബു, ആദിശങ്കർ, കെ.ഡി. സ്‌നിയ എന്നിവർ പങ്കെടുത്തു.