തൃശൂർ: യന്ത്രത്തകരാർ സംഭവിക്കുമ്പോൾ മൈക്ക് ഓപ്പറേറ്ററുടെ മുഖത്ത് നോക്കി അസഭ്യം വിളിക്കുന്ന സംസ്‌കാരമാണ് ഇന്നുള്ളതെന്ന് പി.ബാലചന്ദ്രൻ എം.എൽ.എ. ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്‌സ് ഗിൽഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ലൈറ്റ് ഷോ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക തകരാറിനെ കുറിച്ചുള്ള അറിവില്ലാതെയാണ് വിമർശിക്കുന്നത്. അവിചാരിതമായി മൈക്കുകൾക്കും മറ്റും തടസം നേരിട്ടാൽ അതിന്റെ ഉത്തരവാദി തങ്ങളല്ലെന്ന് ഓപ്പറേറ്രർമാർ ബോദ്ധ്യപ്പെടുത്തണം. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ബുക്കിംഗ് താരിഫിൽ മാറ്റം വരുത്തണം. മൈക്ക് തകരാറിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ പരോക്ഷമായി പരാമർശിക്കുന്നതാണ് എം.എൽ.എയുടെ പ്രസംഗം. ഇരിങ്ങാലക്കുടയിൽ മൈക്ക് തകരാറുമായി ബന്ധപ്പെട്ട് ഓപ്പറേറ്റർക്കെതിരെ പൊലീസ് കേസെടുത്തത് വിവാദമായിരുന്നു.