വടക്കാഞ്ചേരി: സംസ്ഥാന പാതയിൽ വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെയുള്ള ഓട്ടുപാറ പഴയപാലം പുനർനിർമ്മാണം കടലാസിലൊതുങ്ങി. ശോചനീയാവസ്ഥയെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച പാലം കരുത്തുറ്റതാക്കാൻ ആറ് വർഷം മുമ്പ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. നവീകരണത്തിന് ശേഷം പാലം തിരിച്ചുപിടിച്ച് ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ വീതി വർദ്ധിപ്പിച്ച് നാലുവരിയാക്കുമെന്ന് അന്നത്തെ എം.എൽ.എ അനിൽ അക്കര പ്രഖ്യാപിച്ചിരുന്നു.
ആദ്യഘട്ട നിർമ്മാണത്തിന് 5,20,000 രൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം യാഥാർത്ഥ്യമായില്ല. പാട്ടുരായ്ക്കൽ മുതൽ അകമല വരെ ബി.എം ആൻഡ് ബി.സി മോഡൽ ടാറിംഗ് നടത്തുന്നതിന് ഒന്നാം പിണറായി സർക്കാർ ഘട്ടങ്ങളായി അനുവദിച്ച 26 കോടിയും ഓട്ടുപാറ പാല നവീകരണം ഉൾപ്പെട്ടിരുന്നെങ്കിലും അതും എങ്ങുമെത്തിയില്ല.
വിശ്രമകേന്ദ്രം ഒരുക്കി
വിദ്യാർത്ഥികൾ
പാലത്തിന്റെ ശോചനീയാവസ്ഥയെ തുടർന്ന് 2017ൽ വെള്ളറക്കാട് സ്വകാര്യ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ഇവിടെ വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയിരുന്നു. പഠന മത്സരപ്രവർത്തനങ്ങളുടെ ഭാഗമായി പെയിന്റിംഗ് ചെയ്യുകയും ഇരിപ്പിടം സജ്ജീകരിച്ച് വിശ്രമ കേന്ദ്രവുമാക്കി. എന്നാൽ പരിചരണത്തിന് ആളില്ലാത്തതിനാൽ ഇതും നശിച്ചു.