sangeetha

തൃശൂർ: കലാകാരന്മാർ പ്രതികരണ ശേഷിയുള്ളവരായിരിക്കണമെന്നും ഭരിക്കുന്ന കക്ഷി ഏതെന്ന് നോക്കാതെ, കാര്യങ്ങൾ ധീരമായി പ്രകടിപ്പിക്കുകയാണ് കലാകാരന്മാർ ചെയ്യേണ്ടതെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സംഗീതനാടക അക്കാഡമി പുരസ്‌കാരം സമർപ്പിക്കുകയായിരുന്നു അദ്ദേഹം. സംഗീതം, നാടകം, നൃത്തം തുടങ്ങിയ മേഖലകളിലെ ഈടുവയ്പുകൾ വരുംതലമുറയ്ക്ക് കാണാനും പഠിക്കാനും ഉതകുന്ന ഒരു പെർഫോമിംഗ് ആർട്‌സ് മ്യൂസിയം ഈ വർഷം തന്നെ സംഗീത നാടക അക്കാഡമിയിൽ സ്ഥാപിക്കുവാൻ സർക്കാർ മുൻകൈയെടുക്കും.

അതിനായി 50 ലക്ഷം രൂപ അനുവദിക്കും. അർഹരായ ഒരുപാട് കലാകാരന്മാർക്ക് യഥോചിതം അംഗീകാരം കിട്ടുന്നില്ലെന്നും അത് പരിഹരിക്കാൻ സാംസ്‌കാരിക വകുപ്പ് ബദ്ധശ്രദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പേർക്ക് ഫെലോഷിപ്പും 17 പേർക്ക് അവാർഡും 22 പേർക്ക് ഗുരുപൂജാ പുരസ്‌കാരവും സമർപ്പിച്ചു. കലാകാരന്മാരുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി കരിവെള്ളൂർ മുരളി, വൈസ് ചെയർമാൻ പി.ആർ.പുഷ്പവതി , നിർവാഹക സമിതി അംഗം ടി.ആർ.അജയൻ എന്നിവർ പ്രസംഗിച്ചു. പുല്ലൂർ സജുചന്ദ്രനും സംഘവും വാദ്യമേളം അവതരിപ്പിച്ചു. സംഗീതപരിപാടിയിൽ സംഗീതജ്ഞൻ ശരത്ത്, ഗായകരായ എൻ.ശ്രീകാന്ത്, പന്തളം ബാലൻ, നിസ അസീസി എന്നിവർ ഗാനങ്ങൾ ആലപിച്ചു.