1
1

മാള : മേലഡൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന ജയം നേടിയ ശിവാലയയ്ക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് പഠിക്കാം. ശിവാലയയ്ക്ക് പൊലീസും പി.ടി.എയും അദ്ധ്യാപകരും ചേർന്ന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ഇന്നലെ നടന്നു. എസ്.എസ്.എൽ.സിയിൽ ആദ്യഘട്ടത്തിൽ 9 വിഷയത്തിലേ ശിവാലയ്‌യ്ക്ക് എ പ്ലസ് ലഭിച്ചിരുന്നുള്ളൂ. നന്നായി പഠിച്ചിരുന്ന ശിവാലയ്ക്ക് ഇതൊരു ഷോക്കായിരുന്നു. മാനസികമായി തളർന്ന ശിവാല അന്നമനടയിലെ വാടക വീട്ടിൽ നിന്നും പുറത്തിറങ്ങാതെയായി. പുനഃപരിശോധനയിൽ ഇംഗ്ലീഷിൽ 80 മാർക്ക് ലഭിച്ചതോടെ സമ്പൂർണ എ പ്ലസായി.
ഇതറിഞ്ഞ് അനുമോദിക്കാനായി ശിവാലയയുടെ വീട്ടിലെത്തിയ മാള എസ്.ഐ: സി.കെ. സുരേഷും പി.ടി.എ പ്രസിഡന്റ് മുരുകേഷ് കടവത്തും ശിവാലയയുടെ വാടകവീടിന്റെ പരിമിതികൾ നേരിൽ കണ്ടതോടെ പണി പൂർത്തിയാകാത്ത വീട് നിർമ്മാണം പൂർത്തിയാക്കാൻ പദ്ധതിയൊരുക്കി. അദ്ധ്യാപകരും സുമനസുകളും സഹായം നൽകിയതോടെ വീട് നിർമ്മാണം അതിവേഗം പൂർത്തിയായി. ഇന്നലെ രാവിലെ ലളിതമായി ചടങ്ങിൽ വിടിന്റെ താക്കോൽ കൈമാറി. സബ് ഇൻസ്‌പെക്ടർ സി.കെ. സുരേഷ്, പി.ടി.എ പ്രസിഡന്റ് മുരുകേഷ് കടവത്ത്, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.എസ്. ലേഖ, ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക പി.എ. ജാസ്മി, വൈസ് പ്രസിഡന്റ് സിജോ ചക്കാലയ്ക്കൽ എന്നിവർ പങ്കെടുത്തു.

മുൻകൈയെടുത്തത് പൊലീസ്

ശിവാലയയുടെ വാടക വീടിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ പൊലീസാണ് വീട് പൂർത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മാള എസ്.ഐ: സി.കെ. സുരേഷും പി.ടി.എ പ്രസിഡന്റ് മുരുകേഷ് കടവത്തും ശിവാലയയുടെ വാടകവീടിന്റെ പരിമിതികൾ നേരിൽ കണ്ടതോടെ പണി പൂർത്തിയാകാത്ത വീട് നിർമ്മാണം പൂർത്തിയാക്കാൻ പദ്ധതിയൊരുക്കുകയായിരുന്നു. വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങളും പഠനോപകരണങ്ങളും വാങ്ങി നൽകിയതും മാള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ്.