കൊടുങ്ങല്ലൂർ : ജനകീയ പങ്കാളിത്തം മുതൽക്കൂട്ടായതോടെ മാലിന്യങ്ങൾ നീങ്ങി പെരുന്തോട് വലിയതോട് ക്ലീനായി. പെരുന്തോട് വലിയതോട് സംരക്ഷണത്തിന്റെ ഭാഗമായി ശ്രീനാരായണപുരത്ത് ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എ. അയൂബ്, പി.എ. നൗഷാദ്, സി.സി. ജയ, സെക്രട്ടറി രഹന പി. ആനന്ദ്, വാർഡ് മെമ്പർ കെ.ആർ. രാജേഷ്, ആമിന അൻവർ, എൻ.എം. ശ്യാംലി, എൻ.സി.സി ക്യാപ്ടൻ ബിന്ദിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഇ.ആർ. രേഖ, ഡോ. ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
തോടിന് രണ്ടരക്കിലോമീറ്ററിലധികം നീളം
2.6 കിലോമീറ്റർ നീളത്തിൽ അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന തോട്ടിലേക്ക് നിരവധി ഉപതോടുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം തടസ്സപ്പെടുത്തുന്ന മാലിന്യങ്ങൾ നീക്കി. കുളവാഴ, ചണ്ടി, പ്ലാസ്റ്റിക് മാലിന്യങ്ങൾ തോട്ടിൽ നിന്നും നീക്കി. ജനപ്രതിനിധികൾ, ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ദുരന്ത നിവാരണ സേനാ അംഗങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി വളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേനാ അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, പൊതുപ്രവർത്തകർ തുടങ്ങിയ 750ൽ പരം സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.