മാള: മെറ്റ്‌സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസും ട്വന്റി 20 യൂത്ത് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 20 വയസ്സിന് താഴെയുള്ളവരുടെ 'ഫൈവ്‌സ് റെയിൻ ഫുട്ബാൾ'ടൂർണമെന്റിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ മെറ്റാലിക്കാ പറവൂർ എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തോൽപ്പിച്ചത്. നിശ്ചിതസമയത്തിൽ ആരും ഗോളടിക്കാതെ സമനിലയിലായതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. ക്രൈസ്റ്റ് കോളേജ് ടീമിന് സമ്മാനമായി 20,000 രൂപയും ട്രോഫിയും ലഭിച്ചു. റണ്ണർ അപ്പ് ആയ മെറ്റാലിക്കാ പറവൂർ എഫ്.സിക്ക് സമ്മാനമായി 10,000 രൂപയും ട്രോഫിയും ലഭിച്ചു. മികച്ച ഫുട്ബാൾ കളിക്കാരനും ടോപ് സ്‌കോററുമായി ജസ്റ്റിനെ (മെറ്റാലിക്കാ പറവൂർ എഫ്.സി) തിരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പറായി മെറ്റാലിക്കാ പറവൂർ എഫ്.സിയിലെ ഗൗതമിനെയും മികച്ച ഡിഫെൻഡറായി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ വൈശാഖിനെയും തിരഞ്ഞെടുത്തു.