വടക്കാഞ്ചേരി: ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതിനാൽ വാഴാനി ഡാം നാളെ തുറക്കാൻ സാധ്യത. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ഇന്നലെ 59.46 മീറ്ററാണ് ജലത്തിന്റെ അളവ്. ഇതോടെ ഡാമിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ദുരന്തനിവാരണ സമിതി അധ്യക്ഷൻ ജില്ലാ കളക്ടർ അർജുൻപാണ്ഡ്യന് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ കത്ത് നൽകി. 24 മണിക്കൂറും ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പൂമല,അസുരൻ കുണ്ട് ഡാമിലും ജലനിരപ്പ് വലിയതോതിൽ ഉയർന്നു. പൂമലയിൽ 29.8 മീറ്ററാണ് പരമാവധി സംഭരണശേഷി. 27.8 മീറ്ററാണ് ജലനിരപ്പ്. അസുരൻ കുണ്ടിൽ 10 മീറ്ററിൽ 8.79 മീറ്ററിലെത്തി ജല നിരപ്പ്. ചെറുകിട ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പത്താഴകുണ്ട് ഡാമും പേരേപ്പാറ ഡാമും ജലസമൃദ്ധമായതിനെ തുടർന്ന് ഏതാനും ദിവസം മുമ്പ് ഷട്ടറുകൾ തുറന്ന് ജലം ഒഴുക്കിവിട്ടിരുന്നു. പത്താഴ കുണ്ട് ഡാമിൽ ചോർച്ചതടയുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ വിജയം കണ്ടതിനെ തുടർന്നാണ് ജലം സംഭരിക്കാൻ സാധിച്ചത്.