വടക്കാഞ്ചേരി : ആതുര പരിചരണ രംഗത്തെ മികവാർന്ന ഇടപെടലിലൂടെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ജാർഖണ്ഡ് ജംഷഡ് പൂർ സ്വദേശി സുന്ദരം (77). കഴിഞ്ഞ ജൂൺ 13ന് രാത്രി 12.30ന് സ്വരാജ് റൗണ്ടിൽ രാഗം തിയേറ്ററിന് മുന്നിൽ പാഞ്ഞെത്തിയ ഓട്ടോ സുന്ദരത്തെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ തല പൊളിഞ്ഞു. അബോധാവസ്ഥയിലായി. ആരൊക്കെയോ ചേർന്ന് മുളങ്കുന്നത്തുകാവ് ഗവ: മെഡിക്കൽ കോളേജിലെത്തിച്ചു. ഇവിടെ ജീവിതത്തോട് മല്ലടിച്ച് ദിവസങ്ങളോളം കഴിഞ്ഞു. ആശുപത്രിയിൽ രോഗികൾ നിറഞ്ഞതോടെ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും കൂട്ടിരിക്കാൻ ആരുമില്ല. തുടർന്ന് തൃശൂരിലെ അശ്വനി ആശുപത്രിയിലും 12 ദിവസം സുന്ദരം കഴിഞ്ഞു. തൃശൂരിലെ സുഹൃത്തായ രാകേഷിനെ കാണാനെത്തിയതായിരുന്നു സുന്ദരം. തൃശൂരിലെത്തിയപ്പോൾ രാഗേഷ് ബംഗളൂരുവിലേക്ക് പോയതായി വിവരം ലഭിച്ചു. തുടർന്ന് മടങ്ങാനിരിക്കെയായിരുന്നു അപകടം. ജീവിതത്തിൽ തന്നെ ചേർത്തുപിടിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് ഇന്നലെ ടാറ്റ എക്‌സ്പ്രസിൽ നാട്ടിലേക്ക് മടങ്ങി.