corp

തൃശൂർ: മേയർ എം.കെ.വർഗീസിനെതിരെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി മേയർ എം.എൽ.റോസി. മേയർ റഷ്യയിൽ പോയത് അറിയിച്ചില്ലെന്നും കോക്കസ് ഭരണമാണ് നടക്കുന്നതെന്നും റോസി ആരോപിച്ചു. സി.പി.എമ്മിലെ വർഗീസ് കണ്ടംകുളത്തിയെ പേരെടുത്ത് പറഞ്ഞായിരുന്നു പരാതി. അതേസമയം ഡയസിൽ കയറി ഒരു മണിക്കൂറിലധികം പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തി. ഈ കോലാഹലങ്ങൾക്കിടെ നിശബ്ദത പാലിച്ച് ഭരണപക്ഷത്തെ സി.പി.ഐ കൗൺസിലർമാരും ശ്രദ്ധനേടി. ഒരു വേള കൗൺസിൽ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു സി.പി.ഐ കൗൺസിലർമാർ.

മേയർ എം.കെ.വർഗീസ്, വികസനകാര്യ ചെയർമാൻ വർഗീസ് കണ്ടംകുളത്തി, സൂപ്രണ്ടിംഗ് എൻജിനീയർ ഷൈബി ജോർജ് എന്നിവരടങ്ങിയ സംഘത്തിന്റെ കോക്കസ് ഭരണമാണ് നടക്കുന്നതെന്ന് റോസി തുറന്നടിച്ചു. തോന്നിവാസമാണ് മേയർ കാട്ടിയത്. വീട്ടിൽ നിന്നല്ല നിങ്ങൾ പോയത്. എന്തായിരുന്നു യാത്രയുടെ ലക്ഷ്യം എന്നു വിശദീകരിക്കണ്ടേ?. പരസ്പരം കാര്യങ്ങൾ അറിയിക്കാനാകാത്ത നമ്മൾ എന്തിനായാണ് കൗൺസിൽ നടത്തുന്നതെന്നും റോസി വികാരഭരിതയായി ചോദിച്ചു. മറുപടി പ്രസംഗത്തിൽ ഡെപ്യൂട്ടി മേയറുടെ ആരോപണങ്ങളിൽ മേയർക്കും മറുപടിയുണ്ടായില്ല. വിദേശയാത്രയുടെ കാര്യത്തിൽ ഡെപ്യൂട്ടി മേയറുടെ വിമർശനത്തിൽ വസ്തുതയുണ്ടെന്നും തെറ്റുപറ്റിയെന്നും മാപ്പ് ചോദിക്കുന്നുവെന്നും വർഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. ഭരണപക്ഷ കൗൺസിലർമാരായ ഷീബ ബാബു, സി.പി.പോളി എന്നിവർ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു.

ഒരു കാര്യവും അറിയിക്കാറില്ല. മേയർ ഒരുവാക്ക് പറയാതെ വിദേശയാത്ര നടത്തിയത് വേദനിപ്പിച്ചു. കൗൺസിലർമാരുടെ മുന്നിൽ അപഹാസ്യയായി.

എം.എൽ.റോസി

ഡെപ്യൂട്ടി മേയർ

എങ്ങനെയെങ്കിലും ഭരണം നിലനിറുത്താനായി വ്യക്തമായ രാഷ്ട്രീയനിലപാടില്ലാത്ത പാർട്ടിയായി സി.പി.എം മാറി. ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ രാജിവയ്ക്കണം. സുരേഷ് ഗോപി വഴി ബി.ജെ.പി.യുമായി ബന്ധം പുലർത്തുന്ന മേയർ എം.കെ.വർഗീസിനെ താങ്ങി നിറുത്തേണ്ട ഗതികേടാണ് സി.പി.ഐക്കും എൽ.ഡി.എഫ് ഘടകകക്ഷികൾക്കും. മേയറും സംഘവും റഷ്യയിലേക്ക് പോയത് ലക്ഷങ്ങളുടെ പിരിവെടുത്താണ്.


രാജൻ ജെ.പല്ലൻ
പ്രതിപക്ഷ നേതാവ്