bee

മാള : വിരമിക്കും വരെ ഡെപ്പോസിറ്റും നീക്കിയിരിപ്പും കണക്കുമൊക്കെയായിരുന്നു തല നിറയെ. ഇപ്പോൾ, നീക്കിയിരിപ്പെന്തെന്ന ചോദ്യത്തിന് മധുരമുള്ള ചിരിയാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ നിന്ന് ചീഫ് മാനേജരായി വിരമിച്ച ജോയ് വർഗീസ് (63)​ നൽകുക. പിന്നെ മധുരമുള്ള ആ ഡെപോസിറ്റ് ചൂണ്ടിക്കാണിക്കും . മാള പള്ളിപ്പുറം മദ്രസ റോഡിലെ കളപ്പുരയ്ക്കൽ വീട്ടിലെ ഷോളയാർ ഹണി ഫാം.

അതിനു പിന്നിൽ ഒരു കഥയുണ്ട്. 2019 വരെ തൃശൂർ പാറമേക്കാവിലെ റീജിയണൽ ഓഫീസിലായിരുന്നു ജോയിക്ക് ജോലി. ഒരുദിവസം തുണിയലക്കുന്നതിനിടെ അലക്കുയന്ത്രത്തിൽ വെള്ളം പോകുന്ന കുഴൽ അടഞ്ഞിരിക്കുന്നത് കണ്ടാണ് ശ്രദ്ധിച്ചത്. കുഴലിൽ കൂടു കൂട്ടിയിരിക്കുകയാണ് ചെറുതേനീച്ചക്കൂട്ടം. അവയെ സൂക്ഷ്മതയോടെ മറ്റൊരു കൂട്ടിലേക്ക് മാറ്റി പരിപാലിച്ചു. ഇതോടെ തേനീച്ചവളർത്തലിൽ താത്പര്യം തോന്നി യൂട്യൂബിൽ നിന്ന് കുറച്ചു കാര്യങ്ങൾ പഠിച്ചു. പിന്നീട് അവിണിശേരിയിലുള്ള ഭാരത് ബീ കീപ്പിംഗ് സെന്ററിൽ ഒരു വർഷ കോഴ്‌സിന് ചേർന്നു.

ആയിടയ്ക്കാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഒരു എൻ.ജി.ഒ തേനീച്ചകൾ അടങ്ങിയ പെട്ടി നൽകിയത്. ഇതിൽ 50 പെട്ടികൾ സ്വന്തമാക്കി വീട്ടുപറമ്പിൽ വച്ച് കൃഷി തുടങ്ങി. പതിയെ ഉത്പാദനം കൂട്ടാനായെങ്കിലും വിപണി കണ്ടെത്താൻ ബുദ്ധിമുട്ടി. ആദ്യമൊക്കെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തേൻ സൗജന്യമായി നൽകി. ചെറിയ തോതിൽ പരസ്യവും സോഷ്യൽ മീഡിയ വഴിയുള്ള വിപണനവും ആരംഭിച്ചതോടെ ആവശ്യക്കാർ കൂടി. ഒരു കൂട്ടിൽ നിന്ന് പരമാവധി അഞ്ച് കിലോയാണ് ലഭിക്കുക. കിലോയ്ക്ക് 400 രൂപ. ഫെബ്രുവരി മുതൽ നാല് മാസം വരെയാണ് തേൻ ലഭിക്കുക. ഇപ്പോൾ എത്ര തേനുണ്ടെങ്കിലും വിൽക്കും. ഗുണനിലവാരമുള്ളതിനാൽ ആവശ്യക്കാരും ഏറി. ഭാര്യ ജെസി സഹായവുമായി കൂടെയുണ്ട്. മൂത്തമകൾ അനിത സിംഗപ്പൂരിലും ഇളയ മകൾ ആശ കുവൈറ്റിലും എൻജിനിയർമാരാണ്.