തൃശൂർ: വനിതാ പൊലീസുകാരില്ലാതെ പ്രവർത്തനം താളംതെറ്റിയ നിലയിൽ റൂറൽ പരിധിയിലെ പൊലീസ് സ്റ്റേഷനുകൾ. 22 സ്റ്റേഷനുകളും എസ്.പി ഓഫീസ്, മൂന്നു സബ് ഡിവിഷൻ ഡി.വൈ.എസ്.പി ഓഫീസ്, സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, വനിതാ സെൽ, സൈബർ സ്റ്റേഷൻ എന്നിവയുമാണ് ജില്ലയുടെ റൂറൽ പരിധിയിലുള്ളത്. മിക്കയിടത്തും വനിതാ പൊലീസുകാരില്ലാത്തത് പ്രതിസന്ധിയാകുന്നുണ്ട്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ മൊഴിയെടുക്കാനും മറ്റും കാലതാമസം നേരിടുന്നതാണ് പ്രധാന പ്രശ്നം. പോക്‌സോ കേസുകളിൽ പരാതി ലഭിച്ചാൽ ഉടൻ റിപ്പോർട്ട് തയ്യാറാക്കണം. ഇത് പോലും നടക്കുന്നില്ലെന്നതാണ് സ്ഥിതി.
വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ നിയമന ഉത്തരവ് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്കാണ് ആദ്യമെത്തുക. ഇവിടെ നിന്നാണ് റൂറലിലേക്ക് അയക്കുക. സിറ്റിയിലേക്ക് ആദ്യം നിയമിച്ചശേഷം ചെറിയ ശതമാനം മാത്രം റൂറലിലേക്ക് അയക്കുന്നതാണ് അഭാവത്തിന് കാരണം. രണ്ട് വർഷമായി തുടരുന്ന സാഹചര്യം തിരുത്താൻ പുതിയ കമ്മിഷണർ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് റൂറൽ പരിധിയിലെ പൊലീസ് സ്റ്റേഷനുകളും അധികൃതരും.
ഒരാൾ പോലുമില്ലാത്ത സ്‌റ്റേഷനുമുണ്ട്..!
ചുരുങ്ങിയത് രണ്ട് പേരെങ്കിലും വേണ്ട സ്ഥാനത്ത് ഒരു വനിതാ പൊലീസ് പോലുമില്ലാത്ത സ്‌റ്റേഷനുകളും റൂറൽ പരിധിയിലുണ്ട്. കാട്ടൂർ പൊലീസ് സ്റ്റേഷനാണ് ഒരാൾ പോലുമില്ലാത്ത ദുർഗതി. പല സ്റ്റേഷനുകളിലും ഒരാൾ മാത്രമാണുള്ളത്. ഇവർക്കാട്ടെ അവധി പോലും അത്യാവശ്യത്തിന് എടുക്കാനാകില്ല. സിറ്റി പൊലീസ് പരിധിയിലെ സ്റ്റേഷനുകളിലും ഒരാൾ മാത്രമായി മുന്നോട്ടുപോകുന്നുണ്ട്. വനിതാ പൊലീസ് ബറ്റാലിയനിലെ പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് വേഗം വിന്യസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.