1

തൃശൂർ: സി.പി.എം നേരിട്ട് മാറാൻ ആവശ്യപ്പെട്ടില്ലെങ്കിലും എൽ.ഡി.എഫിലെ ഭൂരിഭാഗം കക്ഷികളും തിരിഞ്ഞതോടെ കോർപറേഷൻ മേയർ എം.കെ. വർഗീസിന് രാജി മാത്രമാകുമോ പോംവഴി..! കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഡെപ്യുട്ടി മേയറും അതിരൂക്ഷമായ ഭാഷയിൽ മേയറെ വിമർശിച്ചിരുന്നു. ഇതോടെ അക്ഷരാർത്ഥത്തിൽ മേയർ എം.കെ. വർഗീസ് ഒറ്റപ്പെട്ടു.

കൗൺസിൽ യോഗത്തിൽ പങ്കെടുത്തെങ്കിലും പരസ്യമായി നേരത്തെ എതിർത്ത സി.പി.ഐ പ്രതിപക്ഷ ആക്രമണത്തെ ചെറുക്കാൻ ഒന്ന് എഴുന്നേറ്റ് നിൽക്കുകപോലും ചെയ്തില്ല. ഡെപ്യൂട്ടി മേയറുടെ വിമർശന ശരങ്ങളും നേതൃത്വം അറിഞ്ഞിട്ടാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉഭയകക്ഷി ചർച്ചകളിൽ ഓഗസ്റ്റ് പകുതിയോടെ മേയറുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്ന ഉറപ്പിലാണ് സി.പി.ഐ കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഘടകകക്ഷികളെ പിണക്കി മുന്നോട്ടുപോകാൻ സി.പി.എമ്മിന് കഴിയില്ല. അതിനാൽ മേയറെ എങ്ങനെയെങ്കിലും ഒപ്പം നിറുത്തുകയും അതോടൊപ്പം സ്ഥാനം ഒഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. മറ്റ് ഘടകകക്ഷികളും പിണക്കത്തിലാണ്. ഇവർ മറുകണ്ടം ചാടിയാലും മേയർ നിക്ഷ്പക്ഷത പാലിച്ചാലും എൽ.ഡി.ഫിന് ഭരണം നഷ്ടമാകും.


തക്കം പാർത്ത് കോൺഗ്രസ്

കഴിഞ്ഞ എട്ടു വർഷമായി തുടരുന്ന എൽ.ഡി.എഫ് ഭരണസമിതിയെ താഴെയിറക്കാനാണ് കോൺഗ്രസ് ശ്രമം. മേയറും എൽ.ഡി.എഫിലെ ഒറ്റക്കക്ഷികളായ ഒന്നോ രണ്ടോ പേർ തങ്ങളുടെ പക്ഷത്തേക്ക് ചാടിയാൽ ഭരണം പിടിക്കാമെന്നാണ് മോഹം. എൽ.ഡി.എഫിന് മേയറടക്കം 25 പേരുള്ളപ്പോൾ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 24 പേരുണ്ട്. അതേസമയം, മേയറെ ബി.ജെ.പി പക്ഷത്തേക്ക് എത്തിക്കാനുള്ള ശ്രമവും സജീവമാണ്. കൗൺസിലിൽ മേയറുടെ റഷ്യൻ യാത്രയടക്കം കോൺഗ്രസ് ഉയർത്തിയപ്പോൾ ബി.ജെ.പി മേയറെ ആക്രമിക്കാൻ തയ്യാറായില്ലയെന്നത് ശ്രദ്ധേയം.


ഇമേജ് താഴാതെ മേയർ

സി.പി.ഐയും ഭരണാനുകൂല ഘടക കക്ഷികളും കോൺഗ്രസും എതിർക്കുമ്പോഴും പൊതുസമൂഹത്തിൽ ഇമേജ് താഴാതെ മേയർ. എകാധിപത്യ സ്വഭാവമെന്ന വിമർശനമാണ് മിക്കവരും ഉന്നയിക്കുന്നത്. എന്നാൽ ഭരണകാര്യത്തിലെ കർശന നിലപാടും അഴിമതി ആരോപണങ്ങളൊന്നും ഉന്നയിക്കാനാകാത്തതും മേയർക്ക് ഗുണകരമാകുന്നുണ്ട്. അതിനാൽ മേയർ മാറണമെന്ന ആവശ്യം പരസ്യമായി പറയാനും സി.പി.എമ്മിന് സാധിക്കാത്ത സ്ഥിതിയാണ്.