collecter

തൃശൂർ: കളക്ടറും ജവഹർ ബാലൻ ചെയർമാനുമായ അർജുൻ പാണ്ഡ്യൻ ജവഹർ ബാലഭവൻ സന്ദർശിച്ചു. ബാലഭവന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനാണ് കളക്ടർ എത്തിയത്. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറും ജവഹർ ബാലഭവൻ പ്രിൻസിപ്പലുമായ ഡോ. എ. അൻസാർ, മറ്റ് അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് കളക്ടറെ സ്വീകരിച്ചു.

ഓരോ ക്ലാസുകളും സന്ദർശിച്ച കളക്ടർക്ക് മുന്നിൽ കുട്ടികൾ അവരുടെ കലാപ്രകടനങ്ങളും കാഴ്ചവച്ചു. ബാലഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. സ്‌കൂൾ പഠനത്തോടൊപ്പം കലാപഠനവും കൊണ്ടുപോകുന്നത് ജീവിതത്തിൽ വളരെയേറെ സഹായകരമാകുമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.

ബാലഭവന്റെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കളക്ടർ വാഗ്ദാനം ചെയ്തു. മുൻ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ ഇടപെടലിന്റെ ഫലമായി ലഭിച്ച 25 ലക്ഷം രൂപയുടെ കോർപറേറ്റ് സി.എസ്.ആർ ഫണ്ടിന്റെ വികസന പ്രവർത്തനങ്ങൾ ബാലഭവനിൽ പുരോഗമിക്കുകയാണ്. കുട്ടികളുമായി വീണ്ടും സംവദിക്കാൻ എത്തിച്ചേരാമെന്ന് ഉറപ്പു നൽകിയാണ് കളക്ടർ യാത്ര പറഞ്ഞത്.