1

വടക്കാഞ്ചേരി: കൊടുംവേനലിലും ജലസമൃദ്ധിയുള്ള ചിലമ്പിയം ചോലയിലെ മിനി ഡാം പദ്ധതി കടലാസിലൊതുങ്ങി. തെക്കുംകര പഞ്ചായത്തിലെ ചെപ്പാറ - പത്താഴക്കുണ്ട് - പൂമല - വാഴാനി ടൂറിസം ഇടനാഴിക്ക് കരുത്താകുന്നതാണ് ചെപ്പാറ ടൂറിസം കേന്ദ്രത്തിന്റെ വടക്കുള്ള പദ്ധതി. പഠനം നടത്തിയ ശേഷം അഞ്ച് കോടി രൂപയുടെ എസ്റ്റിമേറ്റും പദ്ധതിക്കായി തയ്യാറാക്കിയിരുന്നു.

ചോലയിലെ ജലം പ്ലാനി തോടിലൂടെ വടക്കാഞ്ചേരി പുഴയിലെത്തി അറബിക്കടലിൽ പതിക്കുകയാണിപ്പോൾ. മിനി ഡാം പൂർത്തീകരിച്ചാൽ തെക്കുംകരയുടെ മലയോര മേഖലയിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. അതിനാൽ ചിലമ്പിയം ചോലയിലെ മിനി ഡാം പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ കുടിവെള്ളവിതരണത്തിന് പ്രാധാന്യം നൽകുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. സാദ്ധ്യതാപഠനത്തിനും, എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ടൂറിസം - ജലസേചന വകുപ്പുകളിലെ വിദഗ്ദ്ധരടങ്ങുന്ന സംഘം 2014 മേയ് 15ന് ചിലമ്പിയം ചോല സന്ദർശിച്ചിരുന്നു. മുൻ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം എത്തിയ സംഘം പദ്ധതിക്ക് അനുകൂല റിപ്പോർട്ടായിരുന്നു സമർപ്പിച്ചത്.

പഠന റിപ്പോർട്ട് അധികൃതർക്ക് കൈമാറുന്നതോടെ നബാർഡ് ധനസഹായം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഡാം പൂർത്തിയായാൽ 500 ഏക്കർ കൃഷിഭൂമിക്കും കുടിവെള്ളത്തിനും ഉപകാരപ്രദമാകുമെന്ന് ഐ.ഡി.ആർ.ബി കൈമാറിയ പഠനറിപ്പോർട്ടിലുണ്ടായിരുന്നു. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. പിന്നീട് പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങുകയായിരുന്നു.

അട്ടിമറിയെന്ന് സംശയം'

കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന ചിലമ്പിയം ചോല പദ്ധതി അട്ടിമറിച്ചത് ഭരണാധികാരികളുടെ ദിശാബോധമില്ലായ്മയാണെന്ന് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ വി.ജി സുരേഷ് കുമാർ. പദ്ധതി രേഖ സമർപ്പിച്ചതിനുശേഷമാണ് താൻ പദവി ഒഴിഞ്ഞത്. തുടർന്ന് അധികാരത്തിലെത്തിയവർ പദ്ധതിക്കായി പ്രവർത്തിച്ചില്ല. മൈനർ ഇറിഗേഷൻ വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ ഓഫീസുകളിൽ ഇപ്പോഴും പദ്ധതി നിദ്ദേശങ്ങളുണ്ട്. ചോലക്ക് സമീപമുള്ള ഒരു ക്വാറിക്കായാണ് ജനകീയ പദ്ധതി അട്ടിമറിച്ചതെന്ന് സംശയിക്കുന്നതായും സുരേഷ് ആരോപിച്ചു.