കടങ്ങോട്: ഇടം സാംസ്‌കാരിക വേദി അംഗങ്ങൾ കടങ്ങോട് മല്ലൻകുഴിയിലേക്ക് മഴയാത്ര നടത്തി. മഴക്കാല വിനോദകേന്ദ്രമായ മല്ലൻകുഴി നീർച്ചോലയെ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര ചെയ്തത്. കടങ്ങോട് വനാതിർത്തിയിലൂടെ ഒഴുകുന്ന നീർച്ചോലയാണ് മല്ലൻകുഴി. വനദേവനായ മല്ലന്റെ കാൽപ്പാദം പതിഞ്ഞ് കുഴിയുണ്ടായ പ്രദേശമായതിനാലാണ് മല്ലൻകുഴിയെന്ന് പേര് വന്നതെന്നാണ് ഐതിഹ്യം.
നീർച്ചോലയ്ക്ക് സമീപം മല്ലൻകാവും സ്ഥിതി ചെയ്യുന്നുണ്ട്.
മഴക്കാലമായാൽ തെളിനീരുമായി നിറഞ്ഞൊഴുകുന്ന മല്ലൻകുഴി പ്രകൃതി സ്‌നേഹികളുടെ മനസിന് കുളിർമ്മയേകുന്ന കാഴ്ചയാണ്. ആഴം കുറഞ്ഞത് മൂലം ജലാശയങ്ങളിൽ അപകട സാദ്ധ്യത കുറവുള്ള ചെറു വെള്ളച്ചാട്ടങ്ങളുമാണ് മല്ലൻകുഴിയുടെ ആകർഷണം. അതുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉല്ലസിക്കാം.
മല്ലൻകുഴി അത്രമാത്രം പ്രസിദ്ധമല്ലാത്തതിനാൽ പ്രദേശവാസികളാണ് കൂടുതലും ഇവിടെയെത്താറുള്ളത്. മല്ലൻകുഴിയുടെ മനോഹാരിത കൂടുതൽ പേരിലേക്കത്തിക്കുകയാണ് ലക്ഷ്യം. കുടുംബ സമേതമാണ് ഇടം അംഗങ്ങൾ മഴയാത്രയിൽ പങ്കാളിയായത്. മഴ യാത്ര ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചതെന്ന് വിനോദ സംഘത്തിലെ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഇടം പ്രസിഡന്റ് പ്രീതി രാജേഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൗക്കത്ത് കടങ്ങോട്, ഇ.കെ.മിനി, അബ്ബാസ് വെള്ളറക്കാട്, ഫരീദലി, കെ.ആർ.രാധിക, എൻ.എസ്.സത്യൻ, സുബ്രു നമ്പിടി എന്നിവർ നേതൃത്വം നൽകി.