1
1

കൊടുങ്ങല്ലൂർ : പായലും കുളസസ്യങ്ങളും മാലിന്യങ്ങളും നിറഞ്ഞ് കിടന്നിരുന്ന അരാക്കുളം ഇനി മാലിന്യമുക്തം. നഗരസഭ നടത്തിയ നവീകരണ പ്രവർത്തനങ്ങളോടെയാണ് കുളം അടിമുടി മാറിയത്. വൃത്തിയാക്കുകയും കരിങ്കല്ല് കൊണ്ട് സംരക്ഷണ ഭിത്തി നിർമ്മിക്കുകയും ചെയ്തതോടെ കുളത്തിന് മനോഹാരിത കൈവന്നു. അടുത്ത നാൾ വരെ അരാക്കുളം മാലിന്യക്കുളമായാണ് കിടന്നിരുന്നത്. നഗരസഭ നടത്തിയ നവീകരണ പ്രവർത്തനത്തോടെ കുളത്തിൽ ശുദ്ധജലമായി. അരാക്കുളം നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായത്.
കടുത്ത വേനൽക്കാലത്തും നിറസമൃദ്ധമായാണ് കുളം സ്ഥിതി ചെയ്യുന്നത്. എന്നാൽ വർഷങ്ങൾ പോയതോടെ പായലും കുളസസ്യങ്ങളും മൂടി കുളം ഉപയോഗരഹിതമായിത്തീർന്നു. ആളുകൾ പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും കുളത്തിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെ കുളം പൂർണമായും ഉപയോഗ രഹിതമായി തീരുകയായിരുന്നു. വശങ്ങൾ ഇടിഞ്ഞ് അരക്ഷിതാവസ്ഥയിലായ കുളം സംരക്ഷിക്കാൻ ആരുമില്ലാതെ കിടക്കുകയായിരുന്നു.

നവീകരണം തുടങ്ങിയത് കഴിഞ്ഞ ഫെബ്രുവരിയിൽ
പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ അരാക്കുളത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. അമൃത് 2.0 പദ്ധതിയുടെ ഭാഗമായാണ് കുളത്തിന്റെ സംരക്ഷണവും പുനരുജ്ജീവന പ്രവർത്തനങ്ങളും തുടങ്ങിയത്. ഒരു കോടി 17 ലക്ഷം രൂപയുടെ പ്രൊജക്ട് റിപ്പോർട്ട് നഗരസഭ അംഗീകരിച്ചതോടെയാണ് അരാക്കുളത്തിന്റെ ശാപമോക്ഷത്തിന് വഴിയൊരുങ്ങിയത്. സമഗ്രമായ പ്രാദേശിക കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് ഒരുകോടി രൂപയുടെ പദ്ധതിയും നഗരസഭ ആവിഷ്‌കരിച്ചിട്ടുണ്ട്. സമയബന്ധിതമായി കുളത്തിന്റെ നവീകരണം പൂർത്തിയാക്കാനാണ് നഗരസഭാ തീരുമാനം. കുളിക്കാനും കാർഷിക ആവശ്യങ്ങൾക്കും കുളത്തെ പ്രയോജനപ്പെടുത്താനാകും. കടവുകളിൽ ഇരിപ്പിടവും വശങ്ങളിൽ സുരക്ഷാ ബാരിക്കേഡും സ്ഥാപിക്കും. അലങ്കാര വിളക്കുകളും ഘടിപ്പിക്കും. അങ്ങനെ അരാക്കുളത്തെ സൗന്ദര്യവത്കരിക്കാനാണ് കൊടുങ്ങല്ലൂർ നഗരസഭയുടെ തീരുമാനം.