കൊടുങ്ങല്ലൂർ : റോഡിലെ കുഴിയടയ്ക്കൽ സൂത്രപ്പണിയെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് നിർമ്മാണം തടഞ്ഞു. കൊടുങ്ങല്ലൂർ- തൃശൂർ സംസ്ഥാന പാതയിൽ പുല്ലൂറ്റ് പ്രദേശത്ത് റോഡിലെ കുഴിയടയ്ക്കാനുള്ള കരാറുകാരന്റെ ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി നടക്കുന്നത് തട്ടിക്കൂട്ടാണെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്. ആഴ്ചയിൽ ഒരിക്കൽ എന്നപോലെ റോഡിലെ കുഴികളിൽ മെറ്റൽ പൊടിയിട്ട് നാട്ടുകാരെ കബളിപ്പിക്കുകയാണെന്നാണ് ആരോപണം. കുഴികളിൽ ആവശ്യത്തിന് മെറ്റലിടാതെയും ടാർ ഒഴിക്കാതെയും തട്ടിക്കൂട്ട് നടത്തുകയാണ് കരാറുകാരൻ. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന സംസ്ഥാന പാതയിൽ ഇതുമൂലം അടുത്ത ദിവസം മുതൽ വീണ്ടും കുണ്ടും കുഴികളുമായി മാറി അപകടങ്ങൾ പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.