കയ്പമംഗലം: നിയോജക മണ്ഡലത്തിലെ കടൽത്തീരങ്ങളിൽ സി.സി.ടി.വി ക്യാമറാ സുരക്ഷ. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ആറ് തീരദേശ മെമ്പർമാരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തീരസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തിലെ കടൽത്തീരങ്ങളെ സി.സി.ടി.വി സുരക്ഷയ്ക്ക് കീഴിൽ കൊണ്ടുവരുന്നത്. ഇതിനാവശ്യമായ വിശദമായ സർവേ ഏഴു പഞ്ചായത്തുകളിലും ഇതിനകം പൂർത്തിയായി. എടവിലങ്ങ്, എറിയാട് പഞ്ചായത്തുകളിലാണ് ഏറ്റവുമൊടുവിൽ സർവേ പൂർത്തീകരിച്ചത്.
എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ, പദ്ധതിക്ക് നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കറുകപ്പാടത്ത്, ഹഫ്‌സൽ, കെ.എ. ശോഭന, ഹഫ്‌സ ഒഫൂർ, ആർ.കെ. ബേബി, വി.എസ്. ജിനേഷ് എന്നിവർക്ക് പുറമെ വാർഡ് മെമ്പർമാരായ വിനിൽദാസ്, സന്തോഷ് കോരുചാലിൽ, വിജീഷ്, സി.സി.ടി.വി വിദഗ്ദ്ധരായ അമൽ, അഭയ് എന്നിവരും മറ്റ് മത്സ്യത്തൊഴിലാളി സുഹൃത്തുക്കളും സർവേയ്ക്ക് നേതൃത്വം നൽകി.
കടലോരത്ത് നിതാന്ത ജാഗ്രത
മത്സ്യത്തൊഴിലാളികളുടെ തൊഴിലുപകരണങ്ങൾ മോഷ്ടിക്കപ്പെടുന്നത് തടയുന്നതിനും ലഹരി ഉപയോഗത്തിനും വിതരണത്തിനും കടലോരം ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നതിനും കടലോരം കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനുമാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നത്. സർക്കാർ ഇതര ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സി.എസ്.ആർ ഫണ്ടുകളും ജനകീയമായ സംഭാവനകളുമാണ് പ്രയോജനപ്പെടുത്തുന്നത്.
സി.സി.ടി.വി സ്ഥാപിക്കുന്നതിന് പുറമെ തീര പരിസ്ഥിതി സംരക്ഷണം, പരിശീലന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കൽ, മത്സ്യ ബന്ധന മേഖലയിലെ ഉത്പ്പാദന ക്ഷമത വർദ്ധിപ്പിക്കൽ, വിതരണ രംഗത്ത് സഹായങ്ങൾ നൽകൽ, പ്രദർശനങ്ങൾ സംഘടിപ്പിക്കൽ, നിക്ഷേപങ്ങൾ ആകർഷിക്കൽ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് തീരസുരക്ഷാ പദ്ധതി.