diaper

പാവറട്ടി : മാലിന്യമുക്ത നവകേരളം സൃഷ്ടിക്കാൻ 15 ലക്ഷം രൂപ ചെലവിൽ ഡയപ്പർ ഡിസ്‌ട്രോയർ (നശീകരണി) സ്ഥാപിച്ച് എളവള്ളി പഞ്ചായത്ത്.

കത്തിച്ചാൽ കത്താത്തതും മണ്ണിൽ കുഴിച്ചിട്ടാൽ അഴുകി ചേരാത്തതുമായ ഡയപ്പർ മാലിന്യസംസ്കരണത്തിൽ കീറാമുട്ടിയായിരുന്നു.

പഞ്ചായത്തിലെ മൂന്നാം വാർഡിൽ സുവർണ്ണ അങ്കണവാടി യോഗത്തിൽ കുടുംബശ്രീ അംഗം ഡയപ്പർ സംസ്‌കരിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയതോടെയാണ് എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിലേക്ക് ഈ ആശയമെത്തുന്നത്. പിന്നീട് 1987-91 ബാച്ച് തൃശൂർ ഗവ.എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയും പുഴയ്ക്കൽ ഗാല കോംപ്ലക്‌സിൽ 4ആർ ടെക്‌നോളജീസ് സ്ഥാപന ഉടമയുമായ ടി.വി.വിദ്യാരാജനോട് ഈ ആശയം പങ്കുവച്ചു. വിദ്യാരാജൻ വലപ്പാട് ശ്രീരാമ പോളിടെക്‌നിക്കിൽ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥി കൂടിയായ ജിയോ ഫോക്‌സുമായി ചേർന്ന് പദ്ധതിക്ക് അന്തിമ രൂപം നൽകുകയായിരുന്നു.

കേരളത്തിലെ ആദ്യ പദ്ധതിയെന്ന നിലയിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിക്കായി ചർച്ചകൾ നടത്തി. 30 മീറ്റർ ഉയരമുള്ള ചിമ്മിണി ആവശ്യമാണെന്ന ബോർഡ് തീരുമാനം പോർട്ടബിൾ ഡിസ്‌ട്രോയർ എന്ന സ്വപ്നത്തിന്റെ ചിറകൊടിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത, പഞ്ചായത്ത് സെക്രട്ടറി തോമസ് അലിയാസ് രാജൻ, ഭരണസമിതി എന്നിവരും പിന്തുണയേകി.

ഒന്നാം ചേമ്പറിൽ നിക്ഷേപിച്ച ഡയപ്പറുകൾ 850 ഡിഗ്രി സെന്റിഗ്രേഡിലാണ് ഓട്ടോമാറ്റിക് ഇൻഡസ്ട്രിയൽ ബർണർ ഉപയോഗിച്ച് കത്തിക്കുക. ഉണ്ടാകുന്ന വാതകങ്ങളായ ക്ലോറിൻ, ഫ്‌ളൂറിൻ, നൈട്രജൻ, സൾഫർ ഡൈ ഓക്‌സൈഡ് എന്നിവ രണ്ടാം ചേമ്പറിലേക്ക് കടക്കും. രണ്ടാം ചേമ്പറിൽ ആയിരം ഡിഗ്രി സെന്റിഗ്രേഡിലാണ് കത്തിക്കുക. കത്തിയ വാതകങ്ങളുടെ കരിയും പൊടിപടലങ്ങളും സൈക്ലോണിക് സെപ്പറേറ്റർ എന്ന യൂണിറ്റിലേക്ക് പ്രവേശിക്കും. ഭാരമുള്ള പൊടിപടലങ്ങൾ അവിടെ ശേഖരിക്കും. പിന്നീട് നേരിയ പൊടിപടലങ്ങളും വിഷവാതകങ്ങളും വാട്ടർ സ്‌ക്രബർ യൂണിറ്റിലെ വെള്ളത്തിലെത്തും. വാട്ടർ സ്‌ക്രബിംഗ് യൂണിറ്റിൽ സൂക്ഷിച്ചിട്ടുള്ള വെള്ളം സെഡിമെന്റേഷൻ ടാങ്കിലേക്കും പിന്നീട് സോക്ക്പിറ്റിലേയ്ക്കും ഒഴുകിയെത്തും. വാതകങ്ങൾ 30 മീറ്റർ ഉയരമുള്ള ചിമ്മിണി വഴി പുറന്തള്ളും. ചാരം ട്രേയിൽ ശേഖരിക്കും. ഒരു മണിക്കൂറിന് രണ്ട് കി.ഗ്രാം എൽ.പി.ജിയും ഒരു എച്ച്.പി വൈദ്യുതിയും വേണ്ടിവരും. 45 മിനിറ്റിൽ 60 ഡയപ്പറാണ് കത്തിക്കുക. പഞ്ചായത്ത് ക്രിമറ്റോറിയത്തിനോട് ചേർന്നുള്ള ചിമ്മിനിയുടെ അടുത്താണ് കെട്ടിടം നിർമ്മിച്ചത്.

വാർഡ് തോറും ഇലക്ട്രിക് ഓട്ടോ വഴി ഡയപ്പർ ശേഖരിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്

ജിയോ ഫോക്‌സ്

പ്രസിഡന്റ്