കൊടുങ്ങല്ലൂർ : ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭ നിർമ്മിച്ച പുല്ലൂറ്റ് നാരായണമംഗലത്തെ പട്ടികജാതി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടം മാലിന്യ സൂക്ഷിപ്പ് കേന്ദ്രമായി മാറി. ഹരിത കർമ്മസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇപ്പോൾ ഈ കെട്ടിടത്തിൽ നിറയെ. പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിച്ചെടുക്കുന്ന ആർ.ആർ.എഫ് ഈ ഹോസ്റ്റൽ കെട്ടിടത്തിന് മുമ്പിലാണ് പ്രവർത്തിക്കുന്നത്. അവിടെ മാലിന്യങ്ങൾ നിറഞ്ഞതോടെയാണ് ഒഴിഞ്ഞു കിടക്കുന്ന പട്ടികജാതി വിദ്യാർത്ഥി ഹോസ്റ്റലിലേക്ക് മാലിന്യ വസ്തുക്കൾ കൊണ്ടുവച്ചു തുടങ്ങിയത്. പതിയെ ഹോസ്റ്റൽ കെട്ടിടം മാലിന്യ സൂക്ഷിപ്പുകേന്ദ്രമായി മാറി. നഗരസഭയിലെ എട്ടു മുതൽ പതിനാറ് വരെയുള്ള വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെയെത്തിച്ച് തരംതിരിച്ച് കയറ്റി അയയ്ക്കുന്നത്. കെട്ടിടം മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയതിനെതിരെ എസ്.എസി, എസ്.ടി ഫെഡറേഷൻ ഭാരവാഹികൾ രംഗത്തെത്തി. ഉടൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫെഡറേഷൻ ഭാരവാഹികളായ അജിത്ത് പുല്ലൂറ്റ്, യു.എ. ശ്രീനിവാസൻ, ടി.കെ. ലാലു, കെ.കെ. നാണു എന്നിവർ അറിയിച്ചു.
2010 ൽ നഗരസഭ പണിത കെട്ടിടം
രാജ്യസഭ എം.പിയായിരുന്ന കെ.ഇ. ഇസ്മയിലിന്റെ എം.പി ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപയും നഗരസഭ പട്ടികജാതി ക്ഷേമ വകുപ്പിൽ നിന്നും 25 ലക്ഷവും ഉപയോഗിച്ചാണ് 2010 ൽ നഗരസഭ ഭരണസമിതി ഹോസ്റ്റൽ കെട്ടിടം പണിതത്. പട്ടികജാതിക്കാരായ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിന് വേണ്ടിയായിരുന്നു നഗരസഭ പത്താംവാർഡിൽ എല്ലാം സൗകര്യങ്ങളോടെയുള്ള ഇരുനില ഹോസ്റ്റൽ നിർമ്മിച്ചത്. എന്നാൽ കാലക്രമത്തിൽ കുട്ടികളുടെ അത്തരത്തിലുള്ള അഭിരുചി മാറുകയും ആരും താമസിക്കാതെ വരികയും ചെയ്തതോടെ കെട്ടിടം അനാഥമായി. ഇതേത്തുടർന്ന് ഉപയോഗം ഒന്നുമില്ലാതെ കെട്ടിടം വെറുതെ കിടക്കുകയാണ്.
ഉദ്യോഗസ്ഥ അലംഭാവമാണ് മാലിന്യ വസ്തുക്കൾ സൂക്ഷിക്കുന്ന ഇടമായി ഹോസ്റ്റൽ കെട്ടിടം മാറ്റാൻ ഇടയാക്കിയത്. അത് സമുദായത്തെയും സ്ഥാപനത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയാണ്. മാലിന്യങ്ങൾ ഉടൻ നീക്കണം.
- എസ്.സി, എസ്.ടി ഫെഡറേഷൻ